പത്തനംതിട്ട: ശബരിമലയിലെ തെറ്റായ പ്രവണതകളിൽ തിരുത്തുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ഇന്നലെവരെ ഞാൻ സൗമ്യനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും ഇനി ആ സൗമ്യതയുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്തർക്ക് സൗകര്യങ്ങൾ ചെയുകയാണ് തന്റെ പ്രഥമപരിഗണന.

സ്പോൺസറെന്ന മേലങ്കിഅണിഞ്ഞുവരുന്ന എല്ലാവരെയും അംഗീകരിക്കില്ലെന്നും അവരുടെ പശ്ചാത്തലങ്ങൾ പരിശോധിച്ച ശേഷം മാത്രമേ നടപടികളിലേക്ക് കടക്കൂ എന്നും അദ്ദേഹം വിവരിച്ചു.
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിലവിൽ നടക്കുന്ന അന്വേഷണത്തിന് എല്ലാസൗകര്യവും ചെയ്യുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ശബരിമലയിൽ തനിക്ക് ഒരു മിഷൻ ഉണ്ടെന്നും അത് ആദ്യം പറയേണ്ടത് അയ്യപ്പനോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവസ്വം പ്രസിഡന്റായ ശേഷം ആദ്യമായി ശബരിമല സന്ദർശനം നടത്താനായി ആറന്മുളയെത്തിയപ്പോളാണ് ജയകുമാർ ഇക്കാര്യങ്ങൾ പറഞ്ഞത്.

