ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്. അഭിനയം കൊണ്ട് മാത്രമല്ല സ്റ്റേജ് ഷോകളിലും മറ്റും താരം നിറഞ്ഞുനില്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായപ്രകടനങ്ങള്ക്കായി പലപ്പോഴും ആരാധകര്‍ കാത്തുനില്‍ക്കാറുമുണ്ട്. ഇപ്പോഴിതാ 24-ാമത്.ഐ.ഐ.എഫ്.എ അവാര്‍ഡ് ചടങ്ങില്‍ നടത്തിയ പ്രസ്താവനകളാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

നടന് ആമിര്‍ ഖാനെക്കുറിച്ച് തമാശരൂപേണ നടത്തിയ പരാമര്‍ശമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 2022-ല്‍ പുറത്തിറങ്ങിയ ലാല്‍ സിങ് ഛദ്ദയില്‍ ആമിര്‍ അഭിനയിക്കേണ്ടിയിരുന്നില്ലെന്നാണ് ഷാരൂഖ് അഭിപ്രായപ്പെട്ടത്. അതോടൊപ്പം പുഷ്പ സിനിമയുടെ ഭാഗമാകാന്‍ സാധിക്കാത്തതില്‍ പശ്ചാത്താപമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്ലു അര്ജുന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമാണ് പുഷ്പ.
ഒട്ടുമിക്ക സംവിധായകരും സിനിമകളില്‍ അഭിനയിക്കാന്‍ തന്നെയാണ് ആദ്യം സമീപിക്കാറുള്ളതെന്നും ചടങ്ങില്‍ വെച്ച് ഷാരൂഖ് പറഞ്ഞു. ഷാരൂഖിനോടാണ് ലാല്‍ സിങ് ഛദ്ദയില്‍ അഭിനയിക്കാന്‍ ആദ്യം സമീപിച്ചതെന്ന് നടന് വിക്കി കൗശല്‍ പറഞ്ഞു. ആമിര്‍ പോലും ആ സിനിമ ചെയ്യാന്‍ പാടില്ലെന്ന് ഷാരൂഖ് മറുപടി നല്കിയപ്പോള് സദസ്സില്‍ ചിരിപടര്‍ന്നു. പിന്നാലെ താങ്കളെ ഞാന്‍ സ്നേഹിക്കുന്നു ആമിര്‍ എന്നും ഷാരൂഖ് പറഞ്ഞു.

പുഷ്പയിലേക്ക് അവസരം ലഭിച്ചിരുന്നുവോ എന്ന ചോദ്യം പിന്നാലെ ഷാരൂഖിന് മുമ്പിലെത്തി. ഇപ്പോഴും വേദനിപ്പിക്കുന്ന ഒന്നാണിതെന്നും എനിക്ക് പുഷ്പയില്‍ അഭിനയിക്കണമെന്നുണ്ടായിരുന്നുവന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സിനിമയിലെ അല്ലു അര്‍ജുന്റെ സ്വാഗിനൊപ്പമെത്താന് തനിക്കാവില്ലെന്നും ഷാരൂഖ് തുറന്നുപറഞ്ഞു. സെപ്റ്റംബര്‍ 27 മുതല്‍ 29 വരെ അബുദാബിയിലാണ് ഐ.ഐ.എഫ്.എ 2024 അവാര്‍ഡ്ദാന ചടങ്ങുകള്‍ നടന്നത്.

