
ഇന്ത്യന്‍ സിനിമാചരിത്രത്തില്‍ തങ്കലിപികളില്‍ കൊത്തിയ പേരാണ് അമിതാഭ് ബച്ചന്. അദ്ദേഹത്തിന്റെ സിനിമയോടുള്ള പ്രതിബദ്ധതയും ആത്മാര്‍ത്ഥയും പ്രശസ്തമാണ്. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഏതറ്റം വരെയും പോവാന്‍ അദ്ദേഹത്തിന് മടിയില്ല. ഇപ്പോഴിതാ അത്തരമൊരു അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകന് സുജോയ് ഘോഷ്. അദ്ദേഹം സംവിധാനം ചെയ്ത ബദ്ല എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത് അമിതാഭ് ബച്ചനും തപ്സി പന്നുവുമായിരുന്നു.

ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് സുജോയ് തന്റെ അനുഭവം പറഞ്ഞത്. ബദ്ലയുടെ സെറ്റില്‍ നിന്നുള്ള അമിതാഭ് ബച്ചനോടൊപ്പമുള്ള ചിത്രം കാണിച്ചു കൊണ്ടാണ് അദ്ദേഹം അനുഭവം പങ്കുവെച്ചത്.
എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വ്യക്തികളിലൊരാളാണ് അദ്ദേഹം. ഒരു സീനിന് വേണ്ടി റിഹേഴ്സ് ചെയ്യുന്ന ചിത്രമാണിത്. 16ാമത്തെയോ 17ാമത്തെയോ പ്രാവശ്യമാണ് അദ്ദേഹം ഇത് റിഹേഴ്സ് ചെയ്യുന്നത്. എല്ലാവരും തളര്‍ന്ന് തുടങ്ങിയിരുന്നു. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തപ്സി ഏറെക്കുറെ തളര്‍ന്ന് മൂലയ്ക്ക് ഇരിപ്പായി. എന്നാല്‍ വീണ്ടും റിഹേഴ്സ് ചെയ്യാനാണ് അദ്ദേഹം നിര്‍ദേശിച്ചത്- ഗോഷ് പറഞ്ഞു.
ഷൂട്ടിങ് സെറ്റിലെ തപ്സിയുടെ കുസൃതികളും തമാശകളും അദ്ദേഹം ഓര്‍ത്തെടുക്കുന്നുണ്ട്.

തപ്സി കാരണമാണ് ബദ്ല എന്ന ചിത്രം പിറവിയെടുത്തത്. ഇതിന്റെ തിരക്കഥാകൃത്തുക്കളായ അക്ഷയും സുനിലും ചിത്രം സംവിധാനം ചെയ്യാനായി തപ്സി വഴി എന്നെ സമീപിച്ചിരുന്നു. എന്നാല്‍ ആദ്യം ഞാന്‍ വിസമ്മതിച്ചു. ചില മാറ്റങ്ങളോടെ സ്ക്രിപ്റ്റൊരുക്കി അവര്‍ വീണ്ടും എന്നെ കാണാനെത്തി. എന്നാല്‍ അമിതാഭ്ജി ഈ സിനിമയില്‍ വേണമെന്നും ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നും അവരോട് പറഞ്ഞു. എല്ലാം ശരിയായതോടെ ഈ ചിത്രത്തിനായി ഇറങ്ങിത്തിരിക്കുകയായിരുന്നു.- അദ്ദേഹം പറഞ്ഞു
ലണ്ടനിലെ ബിസിനസ് വനിത തന്റെ കാമുകനെ കൊന്നതിന് ആരോപണം നേരിടുകയും തുടര്‍ന്നുള്ള അന്വേഷണവുമാണ് ബദ്ലയുടെ ഇതിവൃത്തം