ഇതിഹാസ മലയാള ചിത്രം ‘ഒരു വടക്കന്‍ വീരഗാഥ’യുടെ റീ-റിലീസിങ്ങിന് മുന്നോടിയായി ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ‘മാറ്റിനി നൗ’ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തിറക്കിയത്. നടന് മമ്മൂട്ടി അടക്കമുള്ളവര്‍ ടീസര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. 4k ദൃശ്യമികവില്‍ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

1989-ല്‍ റിലീസ് ചെയ്ത ഒരു വടക്കന്‍ വീരഗാഥ മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ്. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി. ഗംഗാധരന് നിര്‍മിച്ച് ഹരിഹരന് സംവിധാനംചെയ്ത ക്ലാസിക് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് എം.ടി. വാസുദേവന്‍ നായരാണ്. മമ്മൂട്ടിക്ക് മികച്ച നടനുള്ള പുരസ്കാരം ഉള്‍പ്പെടെ നാല് ദേശീയ പുരസ്കാരങ്ങളാണ് ചിത്രത്തിന് കിട്ടിയത്. മികച്ച തിരക്കഥയ്ക്ക് എം.ടി. വാസുദേവന്‍ നായര്‍ക്കും മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച കോസ്റ്റ്യൂം ഡിസൈന്‍ പുരസ്കാരങ്ങളും ചിത്രത്തിന് ലഭിച്ചു. സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില് എട്ടെണ്ണവും സ്വന്തമാക്കി.
മമ്മൂട്ടി, സുരേഷ് ഗോപി, ബാലന് കെ.നായര്‍, ക്യാപ്റ്റന്‍ രാജു, മാധവി, ഗീത തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റായിരുന്നു. ‘മാറ്റിനി നൗ’ ആണ് ചിത്രം 4K അറ്റ്മോസില് ചിത്രം റീ റിലീസിനെത്തിക്കുന്നത്.


