മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോൾ പോയിന്റ് പട്ടികയിൽ ഒന്നാമൻമാരായി ബാർസിലോന ‘രാജ്യാന്തര ഇടവേള’യ്ക്കു പിരിഞ്ഞു. റോബർട്ട് ലെവൻഡോവ്സ്കിയുടെ ഹാട്രിക്കിൽ അലാവസിനെ 3–0നു തോൽപിച്ച ബാർസയ്ക്ക് 9 കളികളിൽ 24 പോയിന്റ്.

രണ്ടാമതുള്ള റയൽ മഡ്രിഡിന് 21 പോയിന്റ്. റയൽ സോസിദാദുമായി 1–1 സമനിലയിൽ പിരിഞ്ഞ അത്ലറ്റിക്കോ മഡ്രിഡ് മൂന്നാമത് (17 പോയിന്റ്). രാജ്യാന്തര മത്സരങ്ങൾക്കു ശേഷം 19നാണ് ലീഗ് പുനരാരംഭിക്കുന്നത്.
അലാവസിന്റെ മൈതാനത്ത് കളി അര മണിക്കൂർ പിന്നിട്ടപ്പോഴേക്കും ലെവൻഡോവ്സ്കി ഹാട്രിക് തികച്ചു. 7, 22, 32 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 10 ഗോളുകളുമായി ടോപ് സ്കോറർ മത്സരത്തിൽ ഒന്നാമനാണ് ഇപ്പോൾ ലെവൻഡോവ്സ്കി.

English Summary:
Barcelona tops in Spanish La Liga points table

