കൊടകര കുഴല്‍പ്പണ കേസ് ഇഡിയും ഐടിയും എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം ഉപ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള പ്രഹസനമാണെന്നും അദ്ദേഹം പറഞ്ഞു. കൊടകര കുഴല്‍പ്പണ കേസ് അന്വേഷിക്കാന്‍ എന്തുകൊണ്ട് ഇഡിയും ഐടിയും തയ്യാറായില്ലായെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിലെ ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണ് കൊടകരയില്‍ നടന്നത്. പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനും ബിജെപി ഇതര മുഖ്യമന്ത്രിമാരെ വ്യാജക്കേസുകള്‍ കെട്ടിച്ചമച്ച് ജയിലില്‍ അടയ്ക്കാനും മോദി ഭരണകൂടം ഉപയോഗിക്കുന്ന ഇഡി, ഐടി വകുപ്പുകള്‍ എവിടെയാണ്? കള്ളപ്പണം നിയന്ത്രിക്കാന്‍ അധികാരത്തില്‍ വന്നവരാണെന്നാണ് മോദി ഭരണകൂടം സ്വയം അവകാശപ്പെടുന്നത്. പാവപ്പെട്ടവനെ ദുരിതത്തിലാക്കി നോട്ട് നിരോധനം വരെ നടത്തിയത് കള്ളപ്പണ നിയന്ത്രിക്കാനല്ലെ ? ഇത്രയും കോടികളുടെ കള്ളപ്പണ വേട്ട നടത്തിയിട്ട് അത് അന്വേഷിക്കാന്‍ ഇഡിയും ആദായ വകുപ്പും തയ്യാറാകാത്തത് എന്താണ്? നിയമം ഒരു കൂട്ടര്‍ക്ക് മാത്രമുള്ളതാണോ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
എന്തുകൊണ്ട് നടപടി എടുത്തില്ലായെന്ന് കേന്ദ്രസര്‍ക്കാരും ധനകാര്യ മന്ത്രിയും മറുപടി പറയണം. ബിജെപിയുടെ കള്ളപ്പണം പിടിച്ചിട്ടും കേരളത്തിലെ പിണറായി വിജയന്റെ പൊലീസ് ഒന്നും ചെയ്തില്ല. ബിജെപിക്കെതിരെ വലിയൊരു ആയുധം കിട്ടിയിട്ട് എന്തുകൊണ്ടാണ് നടപടി എടുക്കാതിരുന്നത്? ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം എല്ലാം വെറും പ്രഹസനമാണ് . ഉപതിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്വേഷണത്തിന്റെ ആവേശം കുറയുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.