കേരളത്തില്‍ നടന്ന ഒരു യാഥാര്‍ത്ഥ സംഭവം മുഖ്യപ്രമേയമാക്കി വിഷ്ണു വിനയ് ഒരുക്കിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് ആനന്ദ് ശ്രീബാല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇത് പോരാട്ടത്തിന്റെ കഥയാണ്. ആത്മഹത്യചെയ്തു വെന്ന് പോലീസും നാട്ടുകാരും വിശ്വസിക്കുന്ന, വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്ന മെറിന്റെയും അവള്‍ക്ക് നീതി വാങ്ങിക്കൊടുക്കാൻ ജീവന് പണയംവെച്ച് പോരാട്ടത്തിനിറങ്ങുന്ന ആനന്ദിന്റെയും കഥ.
മെറിന് നീതികിട്ടാനായി ഇറങ്ങിത്തിരിക്കുന്ന ആനന്ദിന് നേരിടാന്‍ ഒരുപാട് വെല്ലുവിളികളുണ്ട്. ആ വെല്ലുവിളികൾ അൽപം പോലും മുഷിപ്പിക്കാതെ, പുതുമയോടെ പ്രേക്ഷകരുടെ മുന്നില്‍ എത്തിച്ചുവെന്നതാണ് ആനന്ദ് ശ്രീബാലയുടെ ഏറ്റവും വലിയ വിജയം. അര്ജുന് അശോകന്, സംഗീത, സിദ്ദിഖ്, നന്ദു, അപര്‍ണ ദാസ്, ധ്യാന്‍ ശ്രീനിവാസന്, സൈജു കുറുപ്പ്, അജു വര്‍ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൊച്ചിയിലെ ലോ കോളേജ് വിദ്യാര്‍ഥിനിയാണ് മെറിന്. പഠനത്തില്‍ മിടുക്കി, മാതാപിതാക്കള്‍ക്കും കൂട്ടുകാര്‍ക്കും എന്തിന്, പരിചയപ്പെടുന്ന എല്ലാവര്ക്കും അവളെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. തന്റെ പരീക്ഷയുടെ റില്സല്ട്ട് വന്ന ദിവസം വൈകുന്നേരം മെറിനെ കാണാതാവുന്നു. മകളെ കാണാതെ ഒരു രാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനില്‍ കഴിയുന്ന മാതാപിതാക്കള്‍ക്ക് പിറ്റേന്ന് ലഭിക്കുന്നത് അവളുടെ മൃതശരീരമാണ്. ആത്മഹത്യയെന്ന് പോലീസ് ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും അങ്ങനെയല്ലെന്ന വാദമാണ് മെറിന്റെ മാതാപിതാക്കള്‍ ഉന്നയിക്കുന്നത്. അതിന് തക്ക കാരണങ്ങള്‍ അവര്‍ക്ക് ഉണ്ട് താനും. എന്നാല്‍, ആ തെളിവുകളും മാതാപിതാക്കളുടെ വാദങ്ങളും അല്പം പോലും വിലകൊടുക്കാതെ ഒഴിവാക്കുകയാണ് കേസ് അന്വേഷിക്കുന്ന പോലീസ്.
വളരെ ചെറുപ്പത്തില്‍ തന്നെ ഒറ്റയ്ക്കായി പോയ ആനന്ദ് ശ്രീബാല വളരെ ആക്സ്മികമായാണ് മെറിന്റെ കേസിലേക്ക് എത്തുന്നത്. ആ കേസില്‍ ആനന്ദിനെ കാത്തിരിക്കുന്നത് അഴിക്കാന്‍ ശ്രമിക്കുംതോറും മുറുകിവരുന്ന കുരുക്കുകളാണ്. മെറിന്റെ കേസിന് പിന്നാലെ പോകുന്ന ആനന്ദിന് അവന്റെ ജീവിത്തിലെ ഏറ്റവും വലിയ സ്വപ്നം നഷ്ടപ്പെടുകയാണ്. പക്ഷേ, അതൊന്നും ആനന്ദിനെ പിന്തിരിപ്പിക്കുന്നില്ല. തളര്‍ന്ന് പോകുന്ന അവസരങ്ങളില്‍ ആനന്ദിന് താങ്ങായി എത്തുന്നത് അവന്റെ അമ്മ ശ്രീബാലയാണ്, അവന് മാത്രം കാണാന്‍ കഴിയുന്ന അവന്റെ അമ്മ. ആദ്യഘട്ടത്തില്‍ ആനന്ദിനെ തോല്‍പ്പിക്കാനും കേസില്‍നിന്ന് അകറ്റാനും ശ്രമിക്കുന്ന പോലീസ് ആനന്ദിനൊപ്പം ചേരുമ്പോള്‍ മെറിന് കൊലപാതകത്തിലെ കുരുക്കുകള്‍ ഓരോന്നോരോന്നായി അഴിയുന്നു.
അര്ജുന് അശോകന്റെ കരിയറിലെ ഏറ്റവും നല്ല കഥാപാത്രമാണ് ആനന്ദ് ശ്രീബാലയെന്ന് ഉറപ്പിച്ച് പറയാം. നായകന്റെ ധൈര്യവും ധീരതയും എടുത്ത് കാണിക്കാന്‍ ഉപയോഗിക്കുന്ന മാസ്സ് സീനുകളോ സംഭാഷണങ്ങളോ ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല. അല്ലാതെ തന്നെ പ്രേക്ഷകര്‍ ചിത്രത്തിന്റെ ആദ്യാവസാനം ആനന്ദിന്റെയും അവന്റെ അമ്മ ശ്രീബാലയുടെയും ഒപ്പം നില്ക്കുമെന്നതില് സംശയമില്ല. അമ്മ-മകന് സ്നേഹമെന്ന പറഞ്ഞും കണ്ടും പഴകിയ പ്ലോട്ട് പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തില്‍ അവതരിപ്പിക്കുന്നതില്‍ ചിത്രം വിജയിച്ചിരിക്കുന്നു. പതിവ് കോമഡി ലൈനില്‍ മാത്രം ഒതുങ്ങി പോകാതെ വളരെ മികച്ച വേഷപ്പകര്‍ച്ചയുമായാണ് ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും എത്തിയിരിക്കുന്നത്. കണ്ട് തഴക്കം വന്ന സ്ത്രീ പോലീസ് കഥാപാത്രങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ശിവദ അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രം. സൈജു കുറുപ്പിന്റെ പോലീസ് കഥാപാത്രവും പ്രശംസ അര്‍ഹിക്കുന്നു.
കേരള മനസ്സാക്ഷിയെ തന്നെ പിടിച്ചുലച്ച ഒരു പെണ്‍കുട്ടിയുടെ തിരോധാനത്തിനെയും മരണത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. യാഥാര്‍ത്ഥ സംഭവത്തിന്റെ ത്രീവത ചോരാതെ, എന്നാല്‍ മനോഹരമായി ആനന്ദ് ശ്രീബാല എന്ന ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിച്ചതിന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും സംവിധായകന് വിഷ്ണു വിനയനും പ്രശംസ അര്‍ഹിക്കുന്നു.
