നയന്‍താര: ബിയോണ്ട് ദ ഫെയറി ടെയില്‍ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുകയാണ്. ധനുഷ് നിര്‍മിച്ച ചിത്രത്തിലെ 10 സെക്കന്‍ഡ് ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോ, വിവാഹ ഡോക്യുമെന്ററിയില്‍ ഉപയോഗിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ഇതിന് നയന്‍താര- വിഘ്നേഷ് ശിവന് ദമ്പതിമാര്‍ക്ക് ധനുഷ് വക്കീല്‍ നോട്ടീസ് അയച്ചു. നയന്‍താര നല്കിയ മറുപടി വിഷയം വലിയ തോതില്‍ ചര്‍ച്ച ചെയ്യാന്‍ കാരണമായി.

ഇതിനിടെ നയന്‍താരയെക്കുറിച്ച് ധനുഷ് മുമ്പ് പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. നയന്‍താരയെ ധനുഷ് പ്രകീര്‍ത്തിച്ച് സംസാരിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വീണ്ടും വൈറലായിരിക്കുകയാണ് ഇപ്പോള്‍. ധനുഷ് നിര്‍മിച്ച ശിവകാര്ത്തികേയന് ചിത്രം എതിര് നീച്ചലില്‍ നയന്‍താര അതിഥിവേഷം ചെയ്തതില്‍ ധനുഷ് അവരെ പ്രകീര്‍ത്തിക്കുന്ന വീഡിയോയാണ് ചര്‍ച്ചാവിഷയം.
2013-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ പ്രിയ ആനന്ദായിരുന്നു നായിക. സിനിമയില്‍ ലോക്കല്‍ ബോയ്സ് എന്ന പേരിലുള്ള ഡാന്‍സ് നമ്പറില്‍ ധനുഷും നയന്‍താരയും അതിഥികളായി എത്തിയിരുന്നു. ഈ ഗാനരംഗത്തില്‍ അഭിനയിക്കാന്‍ നയന്‍താര ഒരു രൂപപോലും പ്രതിഫലം വാങ്ങിയില്ലെന്നാണ് ധനുഷ് തന്നെ അന്ന് വെളിപ്പെടുത്തിയത്.

സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് ധനുഷ് ഇക്കാര്യം പറയുന്നത്. ഗാനരംഗത്തില്‍ അഭിനയിക്കണമെന്ന ആവശ്യവുമായി തങ്ങള്‍ നയന്‍താരയെ സമീപിച്ചെന്നും രണ്ടാമതൊരു ചിന്തപോലുമില്ലാതെ അവര്‍ അതിന് സമ്മതം മൂളിയെന്നും ശിവകാര്ത്തികേയന് പറഞ്ഞു.

ഇതിന്റെ തുടര്‍ച്ചയായി ധനുഷ് പറയുന്നത് ഇങ്ങനെ: അവര്‍ പ്രതിഫലം ചോദിക്കുക പോലും ചെയ്തില്ല. അഭിനയിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ‘നിങ്ങള്‍ എന്റെ സുഹൃത്താണ്, ഞാന്‍ പ്രതിഫലം വാങ്ങില്ല’ എന്നും പറഞ്ഞു.
അതേസമയം ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ നയന്‍താരയെ പിന്തുണച്ച് നടിമാര്‍ ഉള്‍പ്പെടെ നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്. നയന്താരയ്ക്കൊപ്പം നില്ക്കുന്നവര് ഈ വീഡിയോ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
