തിരുവനന്തപുരം: അതുവരെ മലയാളം കണ്ടുവന്ന കാമുകന്മാരെപ്പോലെ ശ്രീധരന് അവളെ ‘മാനെന്നും വിളിച്ചില്ല, മയിലെന്നും വിളിച്ചില്ല’. പകരം ഉള്ളുതുറന്ന് ‘കള്ളിപ്പെണ്ണേ’ എന്നുവിളിച്ചു. ജാതിയുടെ വരമ്പുകള്‍ മുറിച്ച് ശ്രീധരനും നീലിയും പ്രണയിച്ചു.

മലയാള സിനിമയില്‍ പുരോഗമന ചിന്തകള്‍ക്കു വിത്തിട്ട ‘നീലക്കുയില്‍’ പുറത്തിറങ്ങിയിട്ട് ഏഴുപതിറ്റാണ്ട്. എല്ലാ മേഖലകളിലും മാറ്റത്തിനു തുടക്കമിട്ട നീലക്കുയില്‍ 70-ാം വര്‍ഷത്തില്‍ നാടകമായി അരങ്ങിലെത്തുന്നു.
ഉറൂബിന്റെ രചനയില്‍ പി. ഭാസ്കരനും രാമു കാര്യാട്ടും ചേര്‍ന്നു സംവിധാനംചെയ്ത് 1954-ല്‍ പുറത്തിറങ്ങിയ നീലക്കുയില്‍ മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടുന്ന ആദ്യ ദക്ഷിണേന്ത്യന്‍ സിനിമയായിരുന്നു.

‘നീലക്കുയില്‍’ സിനിമയുടെ പോസ്റ്റര്‍

സി.വി. പ്രേംകുമാറാണ് നാടകത്തിന്റെ സംവിധാനം. സത്യനും മിസ് കുമാരിയുമായിരുന്നു സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ശ്രീധരന് നായരായി ഫോട്ടോ ജേണലിസ്റ്റ് ജിതേഷ് ദാമോദറും നീലിയായി നര്‍ത്തകി സിതാര ബാലകൃഷ്ണനുമാണ് വേഷമിടുക. കെ. രാഘവന് എന്ന രാഘവന് മാഷിന്റെ സംഗീതസംവിധായകനായുള്ള ആദ്യചിത്രവുമായിരുന്നു ഇത്. ജാനമ്മ ഡേവിഡ് എന്ന ഗായികയെ പ്രശസ്തിയിലെത്തിച്ച ‘എല്ലാരും ചൊല്ലണ്’, ‘കുയിലിനെ തേടി’ തുടങ്ങിയവ ഒരുകാലത്ത് കോളാമ്പികളിലൂടെയും റേഡിയോയിലൂടെയും മലയാളക്കരയില്‍ മുഴങ്ങിയ മലയാളമണമുള്ള പാട്ടുകളായിരുന്നു. ‘കായലരികത്ത് വലയെറിഞ്ഞപ്പോള്‍’, ‘മാനെന്നും വിളിക്കില്ല’, ‘എങ്ങനെ നീ മറക്കും’ തുടങ്ങിയ ഗാനങ്ങളും അതേപടി നാടകത്തിലുമുണ്ടാകും.
നീലക്കുയിലില്‍ അഭിനയിച്ചവരില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തി, പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹനാണ്.
