ന്യൂഡല്‍ഹി: വാശിയേറിയ പോരാട്ടം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് വന്‍ നേട്ടം പ്രവചിക്കുന്നു. മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ബിജെപി സഖ്യം അധികാരത്തിലെത്തുമെന്നാണ് ഇതുവരെ പുറത്തുവന്ന സര്‍വേ ഫലങ്ങളില്‍ ഭൂരിഭാഗവും പ്രവചിക്കുന്നത്. മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്തുമ്പോള്‍ ജാര്‍ഖണ്ഡില്‍ ഭരണകക്ഷിയായ ജെഎംഎമ്മില്‍ നിന്ന് അധികാരം പിടിച്ചെടുക്കുമെന്നാണ് പോസ്റ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്.
288 സീറ്റുകളുള്ള മഹാരാഷ്ട്രയില്‍ ഭരണകക്ഷിയായ മഹായുതി (ബിജെപി, ശിവസേന ഷിന്‍ഡെ വിഭാഗം, എന്‍സിപി അജിത് പവാര്‍ പക്ഷം) 175 മുതല്‍ 195 സീറ്റുകളില്‍ വരെ വിജയിക്കുമെന്നാണ് ‘പീപ്പിള്‍സ് പള്‍സ്’ പ്രചിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 145 സീറ്റുകളാണ് മഹാരാഷ്ട്രയില്‍ ആവശ്യം. കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, ശരദ് പവാറിന്റെ എന്‍സിപി എന്നിവര്‍ ചേരുന്ന മഹാവികാസ് അഗാഡി സഖ്യം 85 മുതല്‍ 112 സീറ്റില്‍ വരെ ഒതുങ്ങുമെന്നാണ് പ്രവചനം.
‘മാട്രിസ്’ പുറത്തുവിട്ട ഫലത്തില്‍ എന്‍ഡിഎ മുന്നണിക്ക് 150 മുതല്‍ 170 സീറ്റ് വരേയും പ്രതിപക്ഷ സഖ്യത്തിന് 110 മുതല്‍ 130 സീറ്റ് വരെ ലഭിക്കുമെന്നും പ്രവചിക്കുന്നു. ‘പി-മാര്‍ക്’ പുറത്തുവിട്ട ഫലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കുന്നത്. ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ അവകാശപ്പെടാനില്ലെന്നും എന്‍ഡിഎ മുന്നണിക്ക് 137-157 വരേയും പ്രതിപക്ഷത്തിന് 126 മുതല്‍ 146 വരെ സീറ്റുകളും ലഭിച്ചേക്കാമെന്നാണ് പ്രവചനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
‘ലോക്സി മറാത്ത രുദ്ര’ സര്‍വേ ഫലത്തിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചനം. എന്‍ഡിഎ മുന്നണിക്ക് 128 മുതല്‍ 142 വരെ സീറ്റുകളും പ്രതിപക്ഷ സഖ്യത്തിന് 125 മുതല്‍ 140 സീറ്റുകള്‍ വരേയും പ്രവചിക്കുമ്പോള്‍ മറ്റുള്ളവര്‍ 23 സീറ്റ് നേടി കിംഗ് മേക്കറാകുമെന്നും സര്‍വേ പ്രവചിക്കുന്നു.
81 സീറ്റുകളുള്ള ജാര്‍ഖണ്ഡില്‍ ബിജെപിക്ക് വ്യക്തമായ ആധിപത്യമാണ് സര്‍വേ ഫലങ്ങള്‍ പ്രവചിക്കുന്നത്. എന്‍ഡിഎ 44 മുതല്‍ 53 സീറ്റുകളില്‍ വരെ വിജയിക്കുമെന്നും ഇന്ത്യ മുന്നണി 25 മുതല്‍ 37 വരെ സീറ്റുകള്‍ക്കുള്ളില്‍ ഒതുങ്ങുമെന്നുമാണ് സര്‍വേ ഫലം. മാട്രിസ് സര്‍വേ ഫലത്തില്‍ ജാര്‍ഖണ്ഡില്‍ എന്‍ഡിഎക്ക് 47 സീറ്റുകള്‍ വരെ പ്രവചിക്കുമ്പോള്‍ ഇന്ത്യ സഖ്യം 25 മുതല്‍ 30 സീറ്റുവരെ നേടിയേക്കാമെന്നും എക്സിറ്റ്പോള്‍ ഫലങ്ങള്‍ പറയുന്നു.