പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ പോളിങ് കുറഞ്ഞത് ആർക്ക് ഗുണം ചെയ്യുമെന്ന ചോദ്യമാണ് 23 ന് ഫലം വരും വരെയുള്ള കാത്തിരിപ്പിനെ നയിക്കുന്നത്. 2021 ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലായിരുന്നു പോരെങ്കിൽ ഇക്കുറി മൂന്ന് മുന്നണികളും ശക്തമായി മത്സര രംഗത്ത് ഉണ്ടായിരുന്നു. എന്നാൽ പോളിങ് കുറയുമെന്ന് മൂന്ന് മുന്നണികളും കരുതിയിരുന്നില്ല. ഏറ്റവും ഒടുവിലെ കണക്ക് പുറത്ത് വരുമ്പോൾ പാലക്കാട് മണ്ഡലത്തിൽ ഇന്ന് പോൾ ചെയ്തത് 137302 വോട്ടാണ്. 2021 ൽ 149921 വോട്ടായിരുന്നു പോൾ ചെയ്യപ്പെട്ടത്. പോൾ ചെയ്യപ്പെടാത്ത 12619 വോട്ടുകൾ ഏത് മുന്നണിക്കാണ് വിജയത്തിലേക്ക് വഴിതുറക്കുകയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
പാലക്കാട് ഇത്തവണ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് നഗരസഭാ പരിധിയിലാണ്. ഇവിടെ 2021 ൽ 65 ശതമാനമായിരുന്നു പോളിങ്. ഇത് ഇത്തവണ 71.1 ശതമാനമായി വർധിച്ചു. 6.1 ശതമാനം വർധന. ബിജെപിയുടെ ശക്തികേന്ദ്രമാണ് നഗരസഭ. 2021 ൽ ഇവിടെ മുന്നിലെത്തിയത് ബിജെപിയായിരുന്നു. ഇത്തവണയും നേട്ടമുണ്ടാക്കാനാവുമെന്ന് ബിജെപി ക്യാമ്പ് കണക്കുകൂട്ടുന്നു. അതേസമയം 77 ശതമാനം പോളിങ് കഴിഞ്ഞ തവണ രേഖപ്പെടുത്തിയ പിരായിരി പഞ്ചായത്താണ് കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന ഷാഫിയുടെ വിജയത്തിൽ നിർണായകമായത്. എന്നാൽ ഇക്കുറി ഇവിടെ പോളിങ് കുത്തനെ ഇടിഞ്ഞു. 70.89 ശതമാനമാണ് ഇത്തവണത്തെ പോളിങ്. അതായത് ആറ് ശതമാനത്തിലേറെ കുറവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
ഇതിന് പുറമെയാണ് മാത്തൂർ, കണ്ണാടി പഞ്ചായത്തുകളിൽ പോളിങിലുണ്ടായ കുറവ്. മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളിൽ സിപിഎമ്മിൻ്റെ ശക്തികേന്ദ്രമെന്ന് പറയാവുന്ന പഞ്ചായത്ത് കണ്ണാടിയാണ്. ഇവിടെ ഇത്തവണ 70.15 ശതമാനമാണ് പോളിങ്. കോൺഗ്രസിനും നല്ല കരുത്തുള്ള പഞ്ചായത്താണിത്. കഴിഞ്ഞ തവണ ഇവിടെ 73 ശതമാനം വോട്ട് പോൾ ചെയ്യപ്പെട്ടിരുന്നു. ഏറ്റവും കുറവ് വോട്ട് ഇത്തവണ രേഖപ്പെടുത്തിയ മാത്തൂർ പഞ്ചായത്ത് കോൺഗ്രസിന് ഭരണവും സിപിഎമ്മിനേക്കാൾ സ്വാധീനവുമുള്ള മണ്ഡലത്തിലെ രണ്ടാമത്തെ പഞ്ചായത്താണ്. ഇവിടെയും മൂന്ന് ശതമാനത്തോളം വോട്ട് ഇത്തവണ കുറയുകയായിരുന്നു.
2021 ൽ മണ്ഡലത്തിൽ മത്സരിച്ച മെട്രോമാൻ ഇ ശ്രീധരന് വ്യക്തിപരമായി ലഭിച്ച വോട്ടാണ് കഴിഞ്ഞ തവണ മത്സരം കടുപ്പിച്ചതെന്ന വിലയിരുത്തലാണ് കോൺഗ്രസ് ക്യാമ്പിലുള്ളത്. അതിനാൽ തന്നെ ഇക്കുറി സി കൃഷ്ണകുമാർ സ്ഥാനാർത്ഥിയായപ്പോൾ മികച്ച ഭൂരിപക്ഷം നേടാനാവുമെന്നും കരുതിയിരുന്നു. എന്നാൽ സ്വന്തം ശക്തികേന്ദ്രങ്ങളിൽ വോട്ട് കുറഞ്ഞത് യുഡിഎഫ് ക്യാമ്പിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ബൂത്ത് അടിസ്ഥാനത്തിൽ പോൾ ചെയ്യപ്പെട്ട വോട്ടുകൾ അടിസ്ഥാനമാക്കി വിശദമായ കണക്കെടുപ്പിലേക്ക് നാളെ തന്നെ മുന്നണികൾ കടക്കും. അതേസമയം ഇക്കുറിയെങ്കിലും മൂന്നാം സ്ഥാനത്ത് നിന്ന് മുന്നേറണമെന്ന് പ്രതീക്ഷിച്ച ഇടതുമുന്നണിക്കും കാര്യങ്ങൾ അത്ര പന്തിയല്ലെന്ന സൂചനയാണ് വോട്ടെടുപ്പിലെ ഒടുവിലെ കണക്കുകൾ ബാക്കിയാക്കുന്നത്. കപ്പിനും ചുണ്ടിനുമിടയിൽ വിജയം അന്യമാകുമോയെന്ന ടെൻഷൻ ബിജെപി കാമ്പിലുമുണ്ട്. ഈ മാസം 23 നാണ് മണ്ഡലത്തിൽ വോട്ടെണ്ണൽ. താമരയോ കൈപ്പത്തിയോ സ്റ്റെതസ്കോപ്പോ ഓട്ടമത്സരത്തിൽ ഒന്നാമതെത്തുകയെന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.