ആലപ്പുഴ: ചന്ദ്രിക ദിനപത്രത്തിന്റെ പ്രചാരണ പരിപാടി ഉദ്ഘാടനത്തിൽ നിന്ന് സിപിഎം നേതാവ് ജി.സുധാകരൻ പിന്മാറി. സിപിഎം വേദികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിനിടെ ജി സുധാകരൻ്റെ വീട്ടിൽ വച്ച് നടത്താനിരുന്ന പരിപാടിയിൽ നിന്ന് അവസാന നിമിഷമാണ് പിന്മാറ്റം. ഇതിനായി എല്ലാ തയ്യാറെടുപ്പും നടത്തി മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ നേതാക്കൾ ജി സുധാകരൻ്റെ വീട്ടിലെത്തിയിരുന്നു. എന്നാൽ വിവാദത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കി ജി സുധാകരൻ പിന്മാറുകയായിരുന്നു.
പാർട്ടി ഒഴിവാക്കുന്നുവെന്ന പ്രതീതി നിലനിൽക്കുമ്പോൾ യുഡിഎഫിലെ പ്രബല കക്ഷിയുടെ മുഖപത്രത്തിൻ്റെ പ്രചാരണ പരിപാടിക്ക് സുധാകരൻ തുടക്കം കുറിച്ചാൽ അത് പുതിയ രാഷ്ട്രീയ വിവാദമായി മാറുമെന്ന വിലയിരുത്തലിലാണ് പരിപാടിയിൽ നിന്ന് അദ്ദേഹം പിന്മാറിയതെന്നാണ് വിവരം. വീട്ടിലെത്തിയ മുസ്ലിം ലീഗ് നേതാക്കളോട് താൻ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യില്ലെന്ന് ജി സുധാകരൻ അറിയിച്ചതോടെ ഇവർ ഇവിടെ നിന്നും മടങ്ങി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രചാരണ ഉദ്ഘാടനം മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാൻ ജി. സുധാകരൻ ആവശ്യപ്പെട്ടതാണെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എഎം നസീർ പറഞ്ഞു. അദ്ദേഹത്തിന്റെ ആവശ്യം തങ്ങൾ അംഗീകരിച്ചുവെന്നും വിവാദങ്ങളിലേക്ക് പോകാൻ തങ്ങൾക്കും താത്പര്യമില്ലെന്ന് നസീർ വ്യക്തമാക്കി. ചന്ദ്രിക പ്രചാരണ പരിപാടി ഉദ്ഘാടനം ജി സുധാകരൻ്റെ സൗകര്യം നോക്കി മറ്റൊരു ദിവസം നടത്തുമെന്നും നസീർ പറഞ്ഞു.