
മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി ശോഭന. തുടരും എന്ന സിനിമയുടെ സെറ്റിൽ നിന്നുള്ള ചിത്രമാണ് ശോഭന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ‘സാത്വിക ഭാവങ്ങളെ കുറിച്ചുള്ള ചില ചർച്ചകൾ, അദ്ദേഹത്തിൻറെ തിയറ്റർ വർക്കിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചപ്പോൾ’, എന്ന കുറിപ്പോടെയാണ് ശോഭന ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചുരുങ്ങിയ സമയം കൊണ്ട് തന്നെ ചിത്രം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. ഇരുവരും നേരത്തെ ഒന്നിച്ച ചിത്രങ്ങളിലെ സംഭാഷണങ്ങളാണ് കമന്റ് നിറയെ. നേരത്തെ, നാടോടിക്കാറ്റിലെ വൈശാഖ സന്ധ്യേ എന്ന ഗാനരംഗത്തെ ഓർമിപ്പിക്കുന്ന പോസ്റ്ററിന് പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചത്.
മോഹൻലാലിൻ്റെ 360-ാം ചിത്രമെന്ന പ്രത്യേകതക്കു പുറമെ ശോഭനയും മോഹൻലാലും 15 വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയും സിനിമയ്ക്കുണ്ട്. 2009-ൽ അമൽ നീരദ് സംവിധാനം ചെയ്ത സാഗർ ഏലിയാസ് ജാക്കിയിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. 2004-ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് മോഹൻലാലും ശോഭനയും അവസാനമായി ജോഡികളായത്.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്സി ഡ്രൈവർ കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു കഥാപാത്രവുമായി മോഹൻലാൽ എത്തുന്നത്. ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിൻ്റെ അവതരണം.

കെ.ആർ.സുനിലിൻ്റേതാണു കഥ. തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും രചിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. ഛായാഗ്രഹണം. ഷാജികുമാർ, എഡിറ്റിംഗ് -നിഷാദ് യൂസഫ്,ഷഫീഖ്,സംഗീതം –ജയ്ക്സ് ബിജോയ് ,സൗണ്ട് ഡിസൈൻ-വിഷ്ണുഗോവിന്ദ്,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്റിക രഞ്ജിത്,കലാ സംവിധാനം – ഗോകുൽ ദാസ്. മേക്കപ്പ് – പട്ടണം റഷീദ്. കോസ്റ്റ്യും – ഡിസൈൻ-സമീരാ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ -ഡിക്സൺ പോടുത്താസ്,വാഴൂർ ജോസ്.