ന്യൂഡൽഹി: ഇപ്പോഴത്തെ മഴയും തണുപ്പുമൊന്നും കാര്യമാക്കേണ്ട. വരാൻ പോകുന്നത് ചൂട് കടുത്ത മാസങ്ങളായിരിക്കുമെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്റെ ഒട്ടുമിക്കഭാഗങ്ങളിലും താപനില സാധാരണയിലും കൂടുതലായിരിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാവകുപ്പ് (ഐഎംഡി) ഇതിനകം തന്നെ പ്രവചിച്ചിട്ടുണ്ട്. 123 വർഷത്തിനുള്ളിൽ ഇന്ത്യയുടെ മൂന്നാമത്തെ ചൂടേറിയ നവംബറാണ് കഴിഞ്ഞുപോയതെന്നാണ് റിപ്പോർട്ട്.
പകൽസമയത്ത് രാജ്യത്ത് മിക്കയിടങ്ങളിലും ഇപ്പോഴത്തെ താപനില 24 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഡിസംബർ മുതൽ ഫെബ്രുവരിവരെയുള്ള ശൈത്യകാലത്തും താപനില മുൻ വർഷങ്ങളെക്കാൾ കൂടുതലായിരിക്കാൻ സാദ്ധ്യത ഏറെയെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഒരുപക്ഷേ രാജ്യത്തിന്റെ തെക്കുഭാഗം ഇതിനൊരു അപവാദമായേക്കാം. ‘ഈ സീസണിൽ ഉയർന്ന താപനില ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെയും മദ്ധ്യ ഇന്ത്യയിലെയും സമതലങ്ങൾ ഉൾപ്പെടെയുള്ള മേഖലയിൽ. ശീത തരംഗ ദിവസങ്ങളുടെ എണ്ണവും സാധാരണയിലും താഴെയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്’- ഐഎംഡി മേധാവി ഡോ. എം. മൊഹപത്ര പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
പ്രതിമാസ ശരാശരി താപനില സാധാരണയിൽ നിന്ന് ഏകദേശം 1.2 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകാമെന്നാണ് കാലാവസ്ഥാ വിഭാഗം പറയുന്നത്. 1979നും 2023നും തൊട്ടുപിന്നിൽ, കഴിഞ്ഞ 123 വർഷത്തെ മൂന്നാമത്തെ ചൂടേറിയ നവംബറാണ് കഴിഞ്ഞുപാേയത്. കടലുകളിൽ രൂപംകൊള്ളുന്ന ചുഴലിക്കാറ്റുകളുടെ എണ്ണവും ഇക്കുറി കുറവായിരുന്നു എന്നാണ് അധികൃതർ പറയുന്നത്. നവംബറിലാണ് സാധാരണ കൂടുതൽ ചുഴലിക്കാറ്റുകൾ ഉണ്ടാകാറുള്ളത്. എന്നാൽ ഇക്കുറി ബംഗാൾ ഉൾക്കടലിൽ രണ്ട് ന്യൂനമർദങ്ങൾ മാത്രമാണ് ഉണ്ടായത്. അതിലൊന്നാണ് തമിഴ്നാട്ടിലും കേരളത്തിലെ വടക്കൻ ജില്ലകളിലും കനത്ത മഴയ്ക്ക് കാരണമായ ഫെംഗൽ ചുഴലിക്കാറ്റായിരുന്നു. എന്നാൽ ആദ്യത്തെ ന്യൂനമർദം തീരെ ദുർബലവുമായിരുന്നു. വടക്കുകിഴക്കൻ മൺസൂൺ സജീവമായി നിൽക്കുന്നതിനാൽ കേരളം ഉൾപ്പെട്ട തെക്കൻ ഉപദ്വീപിൽ ഇനിയും കൂടുതൽ മഴ ലഭിച്ചേക്കും എന്നും കരുതുന്നുണ്ട്.