
ബെംഗളൂരു: പുഷ്പ 2ൻ്റെ പ്രീമിയർ ചിത്രീകരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയെ കാണാൻ എത്താത്തതിലെ വിമർശനങ്ങൾക്ക് മറുപടിയുമായി തെലുങ്ക് താരം അല്ലു അർജുൻ. നിയമവിദഗ്ധർ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാൻ പോകാതിരുന്നതെന്ന് അല്ലു അർജുൻ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിമർശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അർജുൻ്റെ പ്രതികരണം. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് അല്ലു അർജുൻ പ്രതികരിച്ചത്.
കേസ് നിലനിൽക്കുന്നതിനാൽ കുട്ടിയെ സന്ദർശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തിൽ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അർജുൻ പറഞ്ഞു.
9 വയസ്സുകാരനായ ശ്രീതേജ് ഇപ്പോഴും തീവ്രപരിചരണവിഭാഗത്തിലാണ്. സാധ്യമായാൽ എത്രയും പെട്ടെന്ന് കുട്ടിയെ കാണാൻ എത്തുമെന്നും അല്ലു അർജുൻ വ്യക്തമാക്കി.
