മലപ്പുറം: ക്രിസ്മസിനും പുതുവത്സരത്തോടും അനുബന്ധിച്ച് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടില്ലെങ്കിൽ ഇതരസംസ്ഥാനങ്ങളിലെ മലയാളികൾ നാട്ടിലെത്താൻ പാടുപെടും. ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്ന് സ്ലീപ്പർ, തേർഡ് എ.സി, സെക്കൻഡ് എ.സി എന്നിവയിലൊന്നും ജില്ലയിലെ പ്രധാന സ്റ്റേഷനുകളിലേക്ക് കൺഫേം ടിക്കറ്റില്ല. സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചില്ലെങ്കിൽ കൊള്ളനിരക്ക് നൽകി വിമാന, ബസ് സർവീസുകളെ ആശ്രയിക്കാൻ യാത്രക്കാർ നിർബന്ധിതരാവും.
ചെന്നൈയിൽ നിന്ന് ടിക്കറ്റില്ല
ചെന്നൈയിൽ നിന്ന് തിരൂർ വഴി ദിവസം നാല് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ജനുവരി ആദ്യ ആഴ്ച വരെ ടിക്കറ്റില്ല. ചെന്നൈ സെൻട്രലിൽ നിന്നുള്ള മൂന്ന് ട്രെയിനുകളിലും എഗ്മോറിൽ നിന്നുള്ള ട്രെയിനിലും ടിക്കറ്റില്ല. വൈകിട്ട് 4.20നുള്ള ചെന്നൈ സെൻട്രൽ മംഗലാപുരം എക്സ്പ്രസ് (12685), രാത്രി 8.10ന് പുറപ്പെട്ട് രാവിലെ 6.25ന് തിരൂരിലെത്തുന്ന ചെന്നൈ മംഗലാപുരം മെയിൽ (12601), ഉച്ചയ്ക്ക് 1.15ന് പുറപ്പെട്ട് രാത്രി 12.32ന് തിരൂരിലെത്തുന്ന വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് (22637), രാത്രി 11.15ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് 1.28ന് തിരൂരിലെത്തുന്ന മംഗലാപുരം എക്സ്പ്രസ് ( 16159) ട്രെയിനുകളിലെല്ലാം ഇതിനകം കൺഫേം ടിക്കറ്റ് തീർന്നിട്ടുണ്ട്. ഉയർന്ന നിരക്കുള്ള തത്കാൽ, പ്രീമിയം തത്കാൽ ടിക്കറ്റുകളുണ്ട്. 100ന് മുകളിലാണ് സ്ലീപ്പർ ക്ലാസിൽ വെയ്റ്റിംഗ് ലിസ്റ്റ്.
Vazhcha Yugam Whatsapp Group ചേരാൻ
Vazhcha Yugam Whatsapp Telegram Group ചേരാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
വേണം സ്പെഷൽ ട്രെയിൻ
ബംഗളൂരുവിൽ നിന്നുള്ള പ്രതിദിന ട്രെയിനായ യശ്വന്ത്പൂർ കണ്ണൂർ എക്സ്പ്രസിൽ (16257) ക്രിസ്മസിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സ്ലീപ്പറിൽ തിരൂരിലേക്ക് വെയ്റ്റിംഗ് ലിസ്റ്റ് 200 കടന്നിട്ടുണ്ട്. ജനുവരി ആദ്യ ആഴ്ച കഴിയണം ടിക്കറ്റ് ലഭിക്കാൻ. രാത്രി എട്ടിന് പുറപ്പെട്ട് പുലർച്ചെ 5.55ന് തിരൂരിൽ എത്തുന്ന ഈ ട്രെയിനിനെ ആണ് ജില്ലയിൽ കൂടുതൽ പേരും ആശ്രയിക്കുന്നത്. തിങ്കളാഴ്ചകളിൽ സർവീസ് നടത്തുന്ന യശ്വന്ത്പൂർ മംഗലാപുരം എക്സ്പ്രസിൽ (16565) ഇനി ജനുവരി ഒമ്പതിനാണ് തിരൂരിലേക്ക് ടിക്കറ്റുള്ളത്. സ്പെഷൽ ട്രെയിൻ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
ഡൽഹിയിലും ടിക്കറ്റില്ല
മുംബൈയിൽ നിന്ന് തിരൂരിലേക്കുള്ള പ്രതിദിന ട്രെയിനുകളായ നേത്രാവതിയിലും മംഗള ലക്ഷദ്വീപ് എക്പ്രസിലും ക്രിസ്മസിനോട് അനുബന്ധിച്ച് ടിക്കറ്റുകളില്ല. ഡൽഹി നിസാമുദ്ദീനിൽ നിന്നുള്ള പ്രതിദിന ട്രെയിനായ മംഗള ലക്ഷദ്വീപ് എക്സ്പ്രസിൽ ജനുവരി ആദ്യവാരം വരെ സ്ലീപ്പർ മുതൽ സെക്കന്റ് എസി വരെ എല്ലാ സീറ്റുകളിലും റിസർവേഷൻ പൂർത്തിയായിട്ടുണ്ട്.