ഹൈദരാബാദ്: പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ വിടാതെ പോലീസ്. അപകടമുണ്ടായ സന്ധ്യാ തിയേറ്ററിലെ സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടു. അല്ലു അർജുൻ വരുന്നതുവരെ തിരക്ക് നിയന്ത്രണത്തിലായിരുന്നെന്ന് പോലീസ് വ്യക്തമാക്കി. അല്ലു അർജുന്റെ സുരക്ഷാ ജീവനക്കാരാണ് പ്രശ്നമുണ്ടാക്കിയതെന്നും ദൃശ്യങ്ങൾ സഹിതം പോലീസ് അറിയിച്ചു.
ജയിലിൽനിന്ന് ഇറങ്ങിയശേഷമുള്ള അല്ലു അർജുന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെയാണ് പോലീസ് ഇപ്പോൾ പുഷ്പ 2 റിലീസ് ചെയ്ത സന്ധ്യാ തിയേറ്ററിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. റോഡ് ഷോ നടത്തിയില്ലെന്ന അല്ലു അർജുന്റെ വാദങ്ങൾ പൊളിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്. യുവതി മരിച്ച വിവരം താരം തിയേറ്ററിനകത്തുവെച്ചുതന്നെ അറിഞ്ഞിരുന്നു. ഇക്കാര്യം താനാണ് അല്ലുവിനെ അറിയിച്ചതെന്ന് ഡി.സി.പി വ്യക്തമാക്കി.
വിവരമറിഞ്ഞത് പിറ്റേദിവസമാണെന്നായിരുന്നു അല്ലു അർജുൻ നേരത്തേ പ്രതികരിച്ചിരുന്നത്. ദുരന്തത്തിന് ശേഷം പുറത്തുപോയ അല്ലു അർജുൻ ആരാധകരെ അഭിവാദ്യം ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. ദുരന്തത്തെപ്പറ്റി അറിഞ്ഞിട്ടും നടൻ സിനിമ കാണുന്നത് തുടർന്നുവെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
കഴിഞ്ഞദിവസം അല്ലു അർജുന്റെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള ബംഗ്ലാവിനുമുന്നിൽ ഉസ്മാനിയ സർവകലാശാല വിദ്യാർഥികളുടെ സംയുക്ത സമിതി ധർണ നടത്തിയിരുന്നു. സംഘർഷമായതോടെ കല്ലേറുമുണ്ടായി. ‘പുഷ്പ-2’ സിനിമയുടെ പ്രദർശനത്തിന് നടൻ എത്തിയപ്പോഴുണ്ടായ തിരക്കിൽപ്പെട്ട് രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. മകൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. കുടുംബത്തിന് ഒരുകോടി രൂപ സഹായധനം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
നടൻ ഉറപ്പുനൽകിയ 25 ലക്ഷംപോലും ലഭിച്ചില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. സുരക്ഷാ ജീവനക്കാർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്. കേസ് കോടതിയിലാണെന്നും വേണ്ടതുചെയ്യുമെന്നും നടൻ ഉറപ്പുനൽകിയിട്ടും പിതാവ് അല്ലു അരവിന്ദ് ഇടപെട്ടിട്ടും പ്രതിഷേധക്കാർ ശാന്തരായില്ല.