കൊച്ചി: കലൂർ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ഇന്നലെ നടത്തിയ പരിപാടിയിൽ പങ്കെടുത്തത് 5100 രൂപ നൽകിയാണെന്ന് നർത്തകി. രജിസ്ട്രേഷൻ ഫീസായി 3500 രൂപയും വസ്ത്രത്തിന് 1600 രൂപയും നൽകി. പട്ടുസാരി നൽകുമെന്നാണ് പറഞ്ഞതെങ്കിലും കിട്ടിയത് സാധാരണ കോട്ടൺ സാരിയാണ്. ഭക്ഷണം, താമസം, മേക്കപ്പ് എല്ലാം സ്വന്തം കൈയ്യിൽ നിന്ന് പണമെടുത്താണ് ചെയ്തത്. ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പരിപാടിയിൽ പങ്കെടുക്കാൻ തീരുമാനിച്ചതെന്നും എന്നാൽ സംഘാടനത്തിൽ പിഴവ് ബോധ്യപ്പെട്ടത് ഉമ തോമസിന് പരുക്കേറ്റപ്പോഴാണെന്ന് പറഞ്ഞ നർത്തകി, പിന്നീട് പരിപാടിയിൽ പങ്കെടുത്തില്ലെന്നും പറഞ്ഞു.
താൻ മുൻപും റെക്കോർഡ് ലക്ഷ്യമിട്ട് നടത്തിയ പല പരിപാടിയിലും പങ്കെടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇത്രയധികം പണം ആവശ്യപ്പെട്ടിരുന്നില്ല. സംഗീതജ്ഞനായ ഭർത്താവ് പങ്കെടുത്ത പരിപാടികളിലും ഈ നിലയിൽ പണം ആവശ്യപ്പെട്ടിരുന്നില്ല. അമ്മയുടെ നിർബന്ധപ്രകാരമാണ് പണം കൊടുത്തത്. എന്നാൽ ഇന്നലെ നടന്ന പരിപാടിയുടെ സമയക്രമം പലപ്പോഴായി മാറ്റി. ഇതിലേക്ക് കൂടുതൽ നർത്തകരെ പങ്കെടുപ്പിക്കുന്ന നൃത്ത അധ്യാപകർക്ക് ഗോൾഡ് കോയിൻ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഇവർ ആരോപിക്കുന്നു. നൃത്താധ്യാപകർ കുട്ടികളെ പരിപാടിയിൽ പങ്കെടുപ്പിക്കാൻ എത്തിച്ചത് ഇങ്ങനെയാണെന്നും അവർ പറഞ്ഞു.
