തിരുവനന്തപുരം: സംസ്ഥാനത്ത് 2024ല്‍ ഏറ്റവും അധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത ജില്ലയെന്ന നേട്ടം എറണാകുളത്തെ മറികടന്ന് തിരുവനന്തപുരം സ്വന്തമാക്കി. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്മെന്റ് പുറത്തുവിട്ട കണക്ക് അനുസരിച്ച് തലസ്ഥാന ജില്ലയിലെ എട്ട് ആര്‍ടിഒകളിലായി 97,501 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ഒമ്പത് ആര്‍ടിഒകളില്‍ നിന്നായി എറണാകുളത്ത് രജിസ്റ്റര്‍ ചെയ്തത് 97,052 വാഹനങ്ങള്‍. 449 വാഹനങ്ങളാണ് എറണാകുളത്തേക്കാള്‍ കൂടുതലായി തലസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 98465 1130
33,357 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം ആര്‍ടിഒ (KL-01) ആണ് സംസ്ഥാനത്ത് മുന്നില്‍. 24,798 വാഹനങ്ങളുമായി എറണാകുളം (KL-07) രണ്ടാം സ്ഥാനത്ത് എത്തി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ആര്‍ടിഒ (KL-21) ആണ് മൂന്നാം സ്ഥാനത്ത്, 12,226 വാഹനങ്ങളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം ജില്ലയിലെ മറ്റ് ആര്‍ടിഒകളുടെ കണക്ക് പരിശോധിച്ചാല്‍ അത് കഴക്കൂട്ടം (10,736), ആറ്റിങ്ങല്‍ (9764), നെയ്യാറ്റിന്‍കര (8414), കാട്ടാക്കട (8938), പാറശാല (8046), വര്‍ക്കല (5980) എന്നിങ്ങനെയാണ്.
എറണാകുളത്തെ വിവിധ ആര്‍ടിഒകളുടെ കണക്ക് നോക്കിയാല്‍ ആലുവ (11,042), തൃപ്പുണിത്തുറ (10986), നോര്‍ത്ത് പറവൂര്‍ (10598), മൂവാറ്റുപുഴ (9843), പെരുമ്പാവൂര്‍ (9776), മട്ടാഞ്ചേരി (9098), അങ്കമാലി (6117) കോതമംഗലം (4824) എന്നിങ്ങനെയാണ്. അതേസമയം, തലസ്ഥാന നഗരത്തില്‍ വാഹനങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് ഗതാഗതക്കുരുക്ക് ഗണ്യമായി കൂടുന്നതിന് കാരണമാകുന്നുണ്ട്. പീക്ക് സമയത്ത് മണിക്കൂറുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് പ്രധാന ജംഗ്ഷനുകളിലും ഇടറോഡുകളിലും പോലും അനുഭവപ്പെടുന്നത്.
തലസ്ഥാന നഗരത്തില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ആളുകളെ കൂടുതലായി പ്രേരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നുവെന്നാണ് ഗതാഗത കമ്മീഷണര്‍ സി.എച്ച് നാഗരാജു അഭിപ്രായപ്പെട്ടത്. തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആവശ്യകതയും വര്‍ദ്ധിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം, തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ മാസം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു.