
കൊല്ലം: നിരവധി ആരാധകരുള്ള സെലിബ്രിറ്റി ഷെഫ് ആണ് സുരേഷ് പിള്ള. അദ്ദേഹത്തിന്റെ പല റെസിപ്പികളും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ സിനിമ താരങ്ങള്‍ മറ്റ് വിവിധ മേഖലകളിലെ പ്രമുഖര്‍ തുടങ്ങി ഒരുപാട് പേര് ഷെഫ് പിള്ളയുടെ രുചിഭേദങ്ങളുടെ ആരാധകരാണ്. കൊല്ലം തേവള്ളി പാലസ് നഗറിലെ ഷെഫ് പിള്ളയുടെ മീന്‍ ബൈ ഷെഫ് പിള്ള റസ്റ്റോറന്റില്‍ നിരവധിപേരാണ് ഭക്ഷണം കഴിക്കാന്‍ ദിവസേന എത്തുന്നത്. ഇപ്പോഴിതാ ഈ ഹോട്ടലിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇവിടെ നിന്ന് തിങ്കളാഴ്ച ഭക്ഷണം കഴിക്കാനെത്തിയ ആള്.

പിള്ളയുടെ ഹോട്ടലില്‍ ഊണ് കഴിക്കാനായിരുന്നു മൂന്നംഗ സംഘം എത്തിയത്. രണ്ടാമത് നല്കിയ ചോറിന് ഹോട്ടല്‍ അധികൃതര്‍ ബില്ല് ഈടാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. അതും ഒരു താലി മീല്‍സിന് ഈടാക്കുന്ന അതേ തുക. റിന്‍സോ റെജി എന്ന ഇന്‍സ്റ്റഗ്രാം യൂസര്‍ ഇക്കാര്യം ബില്ല് സഹിതം സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചിട്ടുമുണ്ട്. ‘പറ്റിക്കല്‍ തുടരുന്നു’ എന്ന തലക്കെട്ടോടെയാണ് വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
വീഡിയോയില്‍ പറയുന്നത് ഇങ്ങനെ: പറ്റിക്കല്‍ എന്നൊക്കെ പറഞ്ഞാല്‍ ഇതാണ് പറ്റിക്കല്‍, ഇത് മറ്റെവിടെയുമല്ല കൊല്ലത്തുള്ള ഷെഫ് പിള്ളയുടെ ഹോട്ടലില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്. മൂന്ന് പേരാണ് ഭക്ഷണം കഴിക്കാനായി പോയത്. മൂന്ന് വെജ് മീല്‍സും ഒരു അഷ്ടമുടി ഫിഷ്കറിയുമാണ് ഓര്‍ഡര്‍ ചെയ്തത്. ഊണിനൊപ്പം അവിയല്‍, തോരന്‍, അച്ചാര്‍, സാമ്പാര്‍ എന്നിവ വിളമ്പിയിരുന്നു. എന്നാല്‍ ഇതൊന്നുമല്ല ഇവിടുത്തെ പ്രത്യേകത.

സാധാരണ മറ്റ് ഹോട്ടലുകളില്‍ വിളമ്പുന്നതിനേക്കാള്‍ കുറവാണ് ആദ്യം വിളമ്പുന്ന ഊണ്. അതുകൊണ്ട് തന്നെ സ്വാഭാവികമായും രണ്ടാമത് ചോറ് ചോദിക്കും. പക്ഷേ രണ്ടാമത് ചോറ് വേണമെങ്കില്‍ ചെറിയൊരു ബൗളില്‍ റൈസ് നല്‍കും പക്ഷേ ഇതിന് നൂറ് രൂപ പേ ചെയ്യണം. കേരളത്തില്‍ ഒരു ഹോട്ടലിലും കാണാത്ത പ്രത്യേകതയാണിത്. സാധാരണ ഹോട്ടലുകളില്‍ എക്സ്ട്രാ വാങ്ങുന്ന റൈസിന് പേ ചെയ്യേണ്ട ആവശ്യം വരുന്നില്ല.
ഒരു കുപ്പി മിനറല്‍ വാട്ടറിന് പോലും 57 രൂപയാണ് ഈടാക്കിയിരിക്കുന്നത്. ഒരു ബ്രാന്‍ഡ് വാല്യു ഉണ്ടാക്കിയെടുത്ത ശേഷം തോന്നിയത് പോലെ വിളമ്പുക എന്ന നിലയിലേക്കാണ് ഷെഫ് പിള്ള ഇപ്പോള്‍ കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്. എങ്ങനെ ബില്ലിട്ടാലും എന്ത് ചെയ്താലും ആരും പരാതി പറയുകയോ ചോദിക്കുകയോ ചെയ്യില്ല എന്ന നിലയ്ക്കാണ് കാര്യങ്ങള്‍ ഇപ്പോള്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്.
അതേസമയം, കേരളത്തില്‍ ഹോട്ടലുകളില്‍ ഏകീകൃതമായ ഒരു നിരക്ക് മെനുവിന് തീരുമാനിച്ചിട്ടില്ലെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ്സ് യൂണിയന് ഭാരവാഹികള്‍ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്. ഓരോ ഹോട്ടലിലും അവിടെ നല്കുന്ന സേവനങ്ങളും സൗകര്യങ്ങളും അനുസരിച്ച് നിരക്ക് തീരുമാനിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ എല്ലാ ഹോട്ടലുകളിലും ഊണ് കഴിക്കുമ്പോള്‍ ആവശ്യക്കാര്‍ക്ക് വെറുതേ നല്കുന്ന എക്സ്ട്രാ റൈസിന് പണം ഈടാക്കുന്നതിനെതിരെ വ്യാപകമായ വിമര്‍ശനമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്.