
കോട്ടയം∙ കൊതുകിനെ തുരത്താൻ കുന്തിരിക്കം പുകച്ചതിൽ നിന്ന് അബദ്ധത്തിൽ തീപടർന്ന് അമ്മഞ്ചേരി സ്വദേശിയുടെ വീടിന്റെ രണ്ടാം നില പൂർണമായി കത്തിനശിച്ചു.

അമ്മരി ഈട്ടുകുഴിയിൽ ജോർജ് ആന്റണിയുടെ വീട്ടിലാണ് അഗ്നിബാധ ഉണ്ടായത്. സംഭവസമയത്ത് ജോർജും ഭാര്യയും താഴത്തെ നിലയിൽ ആയിരുന്നതിനാൽ വൻ അപകടം ഒഴിവായി. 3 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന അറിയിച്ചു.
ഇന്നലെ വൈകിട്ട് 6 മണിയോടെ കൊതുകിനെ തുരത്തുന്നതിനായി വീടിന്റെ മുകളിലെ നിലയിൽ കുന്തിരിക്കം പുകച്ചതിൽ നിന്നും സമീപത്തുണ്ടായിരുന്ന തുണികളിലേക്ക് തീ പടരുകയായിരുന്നു.
അഗ്നിബാധ ഉണ്ടായത് ശ്രദ്ധയിൽപെട്ടതോടെ ജോർജ് ഗാന്ധിനഗർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് കോട്ടയത്തുനിന്നു ഗ്രേഡ് സ്റ്റേഷൻ ഓഫിസർ ടി.സി.ശിവകുമാറിന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണു തീ അണച്ചത്. സംഭവത്തിൽ ആർക്കും പരുക്കില്ല. മുകൾ നിലയിലെ എസി അടക്കമുള്ള വൈദ്യുത ഉപകരണങ്ങളും ഗൃഹോപകരണങ്ങളും കത്തിനശിച്ചു.
