
കോട്ടയം ∙ ചിങ്ങവനത്ത് റബർ ഫാക്ടറിയിൽ വൻ തീപിടിത്തം. മെഷീനുകൾ ഉൾപ്പെടെ കത്തിനശിച്ചു. എഫ്എസിടി കടവിനു സമീപത്തെ കീർത്തി റബർ ഫാക്ടറിയിലാണ് ഇന്നലെ ഉച്ചയ്ക്ക് 2നു തീപിടിത്തമുണ്ടായത്.

55 ലക്ഷം രൂപയോളം നഷ്ടമുണ്ടായതായി കണക്കാക്കുന്നു. റബർ ട്യൂബ്, ടയർ ഉൽപന്നങ്ങൾ, മാറ്റ് തുടങ്ങിയവയാണ് ഇവിടെ നിർമിച്ചിരുന്നത്. ഇന്നലെ അവധിയായിരുന്നു. ഫാക്ടറിക്കു സമീപം മാലിന്യത്തിനു ആരോ തീ ഇട്ടതായി പറയുന്നു.
ഇവിടെനിന്ന് തീ പടർന്നതാണു കാരണമായത്. റബർ അരച്ച് മാറ്റുണ്ടാക്കുന്നതിനുള്ള പൊടിയും മറ്റും പൂർണമായി കത്തി. ഫാക്ടറിയുടെ മേൽക്കൂരയ്ക്കും നാശമുണ്ട്.
കോട്ടയത്തുനിന്നു അഗ്നിരക്ഷാ സേനയുടെ 3 യൂണിറ്റും ചങ്ങനാശേരിയിൽനിന്ന് ഒരു യൂണിറ്റും എത്തി തീ നിയന്ത്രണ വിധേയമാക്കി. ജില്ലാ ഫയർ ഓഫിസർ റെജി വി.കുര്യാക്കോസ്, സ്റ്റേഷൻ ഓഫിസർ ശിവകുമാർ എന്നിവർ നേതൃത്വം നൽകി. ചിങ്ങവനം പൊലീസും സ്ഥലത്ത് എത്തിയിരുന്നു.
