കൊച്ചി: കേരളം ബോട്ട് നിർമാണ കേന്ദ്രങ്ങളുടെ ഹബ്ബായി മാറുന്നു. ചെറിയ ബോട്ടുകളുടെ നിർമാണത്തിനായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ബോട്ട് യാർഡുകളുടെ അതിനു തെളിവാണ്. കേരള മാരിടൈം ബോർഡിന്റെ (കെഎംബി) നിലവിലെ കണക്കനുസരിച്ചു സംസ്ഥാനത്ത് ഏതാണ്ട് 80 മുതൽ 85 വരെ ബോട്ട് യാർഡുകൾക്ക് അംഗീകാരമുണ്ട്. അതിൽ ഭൂരിഭാഗവും ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് പ്രവർത്തിക്കുന്നത്. ഈ ബോട്ട് യാർഡുകളിൽ പലതിനും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല, കാനഡ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഓർഡറുകളും ലഭിക്കുന്നു.

കേരളത്തിലെ ബോട്ട് നിർമാണ വ്യവസായം ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നു നെട്ടൂരിൽ സ്ഥിതി ചെയ്യുന്ന മാതാ മറൈൻസിന്റെ സിഇഒ ജോയ് ജേക്കബ് പറയുന്നു. സ്വകാര്യ വ്യക്തികളിൽ നിന്നു സ്ഥിരമായി ഓർഡറുകൾ കിട്ടുന്നുണ്ട്. അവശ്യക്കാർക്ക് ബോട്ടുകൾ നിർമിച്ചു നൽകാനും കഴിയുന്നുണ്ടെന്നു ജേക്കബ് ടിഎൻഐഇയോട് പറഞ്ഞു. തങ്ങളുടെ ബോട്ടുകൾക്ക് രാജ്യത്തു മാത്രമല്ല ലോകത്തെ വിവിധയിടങ്ങളിൽ നല്ല ഡിമാൻഡുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ബോട്ടുകൾക്ക് ഇന്ത്യയ്ക്കുള്ളിൽ മാത്രമല്ല, ആഗോളതലത്തിലും ഉയർന്ന ഡിമാൻഡുണ്ട്. വിവിധ സംസ്ഥാനങ്ങളിലേക്ക് ബോട്ടുകൾ വിതരണം ചെയ്യുന്നുണ്ട്. അന്താരാഷ്ട്ര ക്ലയന്റുകളിൽ നിന്നും അന്വേഷണങ്ങൾ വരുന്നുണ്ട്. കയറ്റുമതി വിപുലീകരിക്കുന്നതിനും ആഗോള വിപണിയിൽ സാന്നിധ്യം അറിയിക്കാൻ കഴിയുന്നതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പോർച്ചുഗീസ് കാലഘട്ടത്തിന്റെ പാരമ്പര്യമുള്ള ഐസ്മർ ബോട്ട് ബിൽഡേഴ്സ് ഉടമ ഐസ്മർ ജോസഫും സമാന അഭിപ്രായം പങ്കിട്ടു. മറ്റ് സംസ്ഥാന സർക്കാരുകളിൽ നിന്നുള്ള ഓർഡറുകൾ, പ്രത്യേകിച്ച് അവരുടെ ടൂറിസം വകുപ്പിൽ നിന്നും ജലഗതാഗത അതോറിറ്റികളിൽ നിന്നുമുള്ള ഓർഡറുകൾ നിരവധി ലഭിക്കുന്നു. സംസ്ഥത്തു നിന്നുള്ള അന്വേഷണങ്ങളേക്കാൾ കൂടുതൽ പുറത്തു നിന്നാണ് വരുന്നത്.

ഈ മേഖലയിലെ പുതിയ നിർമാണ കമ്പനികളുടെ കടന്നുവരവ് വിപണിയിൽ ആരോഗ്യകരമായ മത്സരത്തിന്റെ സൂചന നൽകുന്നു. 2002-ൽ ഇന്ത്യയിൽ ആദ്യമായി ഫൈബർഗ്ലാസ് ഹൗസ്ബോട്ട് നിർമിച്ച ബോട്ട് യാർഡ് തങ്ങളുടേതാണെന്നും ഐസ്മർ പറയുന്നു.
