
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാദ്ധ്യത. ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ കിട്ടിയേക്കും. ഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് മഴ ശക്തിപ്പെടാൻ കാരണം. അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റും മഴയ്ക്ക് കാരണമാണ്. കന്യാകുമാരി തീരത്ത് ഇന്ന് രാവിലെ മുതൽ രാത്രി വരെ കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യത ഉണ്ട്.

ഞായറാഴ്ചയും രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
തെക്കൻ തമിഴ്നാടിന് മുകളിലും തെക്കൻ ആൻഡമാൻ കടലിന് മുകളിലും ചക്രവാതച്ചുഴി നിലനിൽക്കുന്നു. അതോടൊപ്പം അറബിക്കടലിൽ നിന്നും ബംഗാൾ ഉൾക്കടലിൽ നിന്നും വരുന്ന കാറ്റിന്റെ സംയോജന ഫലമായാണ് കേരളത്തിൽ ഏപ്രിൽ നാല് മുതൽ ആറുവരെ മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.< ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല. അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.