കോട്ടയം: രാസലഹരിക്ക് പുറമേ വിദേശ ബ്രാൻഡുകളുടെ പേരിൽ വ്യാജ സിഗരറ്റും ജില്ലയിൽ വ്യാപകമായി വിൽക്കുന്നു. പരിശോധന ലഹരിമാഫിയകളിലേയ്ക്ക് ഒതുങ്ങിയതോടെ പഴങ്ങളുടേയും കറികളുടേയും രുചിയുള്ള സിഗരറ്റ് വരെ വിൽപ്പനയ്ക്ക് എത്തുന്നു.

നിലവാരം കുറഞ്ഞ പുകയിലയിൽ നിർമിക്കുന്ന സിഗരറ്റുകൾ നികുതിയടയ്ക്കാതെയും നിയമാനുസൃത മുന്നറിയിപ്പുകളില്ലാതെയുമാണ് വിൽപ്പന. ഗൾഫ് രാജ്യങ്ങളിലെ വിലകൂടിയ സിഗരറ്റ് എന്ന് തെറ്റിദ്ദരിച്ചാണ് ആളുകൾ വാങ്ങുന്നത്. വിദേശത്ത് ഉത്പാദിപ്പിച്ച് കൊച്ചി വഴി എത്തിച്ചാണ് ജില്ലയിലെ വിൽപ്പന.
പ്രമുഖ വിദേശ ബ്രാൻഡഡ് കമ്പനികളുടെ സിഗരറ്റുകളെന്ന് തോന്നിക്കും വിധം പാക്ക് ചെയ്ത് പേരിൽ ചെറിയ മാറ്റം വരുത്തും. സിഗരറ്റുകളിൽ ഉപയോഗിക്കുന്ന പുകയിലയുടെ പരമാവധി ഉപയോഗ കാലയളവ് രണ്ട് മാസമാണ്. അതിനാൽ സിഗരറ്റ് പായ്ക്കറ്റിൽ അവയുടെ നിർമാണ തീയതിയും ഉപയോഗ കാലയളവും നിർമിച്ച കേന്ദ്രവും ഉൾപ്പെടെ രേഖപ്പെടുത്തണം. വ്യാജനിൽ വിലയോ നിർമാണ തീയതിയോ നിർമിച്ച സ്ഥലത്തിന്റെ വിവരങ്ങളോ ഉണ്ടാകില്ല. കാലാവധി കഴിഞ്ഞ പുകയിലയായതിനാൽ വലിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാക്കും.

നികുതിയടയ്ക്കുന്നില്ല, കൊള്ളലാഭം
സാധരണ സിഗരറ്റിന് ഒരു രൂപയിൽ താഴെ ലാഭമുള്ളപ്പോൾ വ്യാജന് 5 മുതൽ 10 രൂപവരെയാണ് ലാഭം. സാധാരണ സിഗരറ്റ് 73% നികുതിയുള്ളപ്പോൾ വ്യാജന് നികുതിയമില്ല. ആരോഗ്യ പ്രശ്നം കൂടുതലുമാണ്. എക്സൈസ് നികുതി അടയ്ക്കാതെ വിൽക്കുന്ന പുകയില ഉത്പന്നങ്ങൾ എന്ന നിലയിൽ എക്സൈസ് വകുപ്പിന് അനധികൃത സിഗരറ്റ് കച്ചവടം തടയാനും കേസെടുക്കാനും അധികാരമുണ്ട്. വില, നിർമാണ വിവരങ്ങൾ തുടങ്ങിയവ രേഖപ്പെടുത്താതെ വിൽക്കുന്നതിനാൽ ലീഗൽ മെട്രോളജി വകുപ്പിനും കള്ളക്കടത്തു സാധനങ്ങളായതിനാൽ പൊലീസിനും പരിശോധന നടത്തി കേസെടുക്കാം.

