
തിരുവനന്തപുരം: ചൂട് കൂടുന്നതിനൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉപയോഗത്തിലും വർധന. പ്രതിദിന ഉപയോഗം ചൊവ്വാഴ്ച 102.8818 ദശലക്ഷം യൂനിറ്റും ബുധനാഴ്ച 101.0305 ദശലക്ഷം യൂനിറ്റുമായിരുന്നു.

ഈ മാസത്തെ ഏറ്റവും ഉയർന്ന ഉപഭോഗമാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. പീക്ക് സമയ ആവശ്യകത ചൊവ്വാഴ്ച 5000 മെഗാവാട്ടിന് മുകളിലേക്ക് ഉയർന്ന് 5040 ൽ എത്തിയെങ്കിലും ബുധനാഴ്ച നേരിയ കുറവുണ്ടായി.
4920 മെഗാവാട്ടായിരുന്നു ബുധനാഴ്ചയിലെ പീക്ക് സമയ ഉപയോഗം. ഏപ്രിൽ ഏഴിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഉയർന്ന പീക്ക് സമയ ആവശ്യകതയായ 5053 മെഗാവാട്ട് രേഖപ്പെടുത്തിയത്.
വിവിധ സംസ്ഥാനങ്ങളിൽ വൈദ്യുതി ആവശ്യകത ഉയർന്നതുമൂലം കരാറുകൾ പ്രകാരം ലഭിക്കുന്ന വൈദ്യുതിയിൽ അപ്രതീക്ഷിത കുറവുണ്ടാവുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
