
ആലപ്പുഴ: കേരളത്തിൽ അർജൻ്റീന ഫുട്ബോൾ വരുന്ന ഒക്ടോബർ-നവംബർ മാസങ്ങളിൽ ഒരു ദിവസം കളിക്കാനെത്തുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ. നിലവിൽ അർജന്റീനയുമായി സംസ്ഥാന സർക്കാർ നല്ല ബന്ധത്തിലാണ്. ടീം എത്തില്ല എന്നൊന്നും പറയാൻ കഴിയില്ല. ഇത് ഫിഫ മാച്ചല്ല.

അവർക്ക് കളിക്കാൻ സാധിക്കുന്ന രണ്ട് സ്റ്റേഡിയങ്ങൾ നിലവിൽ കേരളത്തിലുണ്ട്. ഇത് സംബന്ധിച്ച് ഒരു ആശയകുഴപ്പവുമില്ല. കാണികളെ കൂടുതൽ ഉൾക്കൊള്ളാൻ കഴിയുന്ന സ്റ്റേഡിയത്തിലായിരിക്കും കളി നടത്തുക. സ്റ്റേഡിയം സംബന്ധിച്ച് ആശങ്കയില്ല. സ്പോൺസർക്ക് പണം അടയ്ക്കാൻ ഇനിയും സമയമുണ്ട്. ഉദ്ദേശിച്ച രീതിയിൽ കാര്യങ്ങൾ നടന്നാൽ വരുന്ന ഒക്ടോബർ മാസത്തിൽ അർജൻ്റീനയുടെ നല്ല ടീം കേരളത്തിൽ കളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാർത്ത കണ്ട് ആശങ്ക തനിക്കും ഉണ്ടായിരുന്നു. എന്നാൽ താൻ അർജൻ്റീന ഫുട്ബോൾ അസോസിയേഷനുമായി ബന്ധപ്പെട്ടു. ഉദ്ദേശിച്ച രീതിയിൽ പണമടച്ചാൽ കളി നടക്കുമെന്നാണ് അവർ പറഞ്ഞത്. പണം അടയ്ക്കുമെന്ന് സ്പോൺസറും വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ കളി നിശ്ചയിച്ച സമയത്ത് തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.
ഗ്രീൻഫീൽഡും കലൂർ സ്റ്റേഡിയവുമായി മത്സരത്തിനായി പരിഗണിക്കുന്നത്. ആദ്യ അൻപത് റാങ്കിനുള്ളിലുള്ള ഒരു ടീമായിരിക്കും അർജൻ്റീനയുടെ എതിരാളി. പണം അടയ്ക്കാൻ റിസർവ് ബാങ്കിന്റെ ഒരു അനുമതി കൂടി കിട്ടാനുണ്ടായിരുന്നു. അത് ലഭിച്ചു. അടുത്തയാഴ്ച സ്പോൺസർ പണം അടയ്ക്കും. അതോടെ എല്ലാ കാര്യങ്ങൾക്കും വ്യക്തത വരും. സ്പോർട്സും രാഷ്ട്രീയവും തമ്മിൽ ബന്ധമില്ലെന്ന് പറഞ്ഞ മന്ത്രി ഫുട്ബോളിന് ഒരൊറ്റ പൊളിറ്റിക്സേയുള്ളൂവെന്നും പ്രതികരിച്ചു.
