കാഞ്ഞിരപ്പള്ളി : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന സേവന-സന്നദ്ധ സംഘടനയായ എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഏറ്റവും നിർധനരായ 100 കിടപ്പ് രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ഒരു വർഷത്തേക്ക് ധനസഹായം നൽകുന്ന കാരുണ്യ സ്പർശം പൂഞ്ഞാർ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കേരള കോൺഗ്രസ് (എം) ചെയർമാനും രാജ്യസഭാ എംപിയുമായ ജോസ് കെ. മാണി.വെളിച്ചിയാനി സെന്റ് തോമസ് ചർച്ച് പാരിഷ് ഹാളിൽ നടന്ന ചടങ്ങിൽ എംഎൽഎ സർവീസ് ആർമി മുഖ്യ രക്ഷാധികാരി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി.വെളിച്ചിയാനി സെന്റ് തോമസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ, ഇടച്ചോറ്റി ആശ്രമം രക്ഷാധികാരി സരസ്വതി തീർഥപാദസ്വാമികൾ, പാറത്തോട് മുഹിയുദീൻ ജമാഅത്ത് ചീഫ് ഇമാം ജനാബ് അനസ് അൽ ഖാസിമി എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങളും നടത്തി.

പൊതുപ്രവർത്തകരും ജനപ്രതിനിധികളുമായ അഡ്വ. സാജൻ കുന്നത്ത്,ജോർജുകുട്ടി ആഗസ്തി, ബിജോയ് ജോസ്, തോമസ് കട്ടയ്ക്കൽ, ജോണിക്കുട്ടി മഠത്തിനകം, ഡയസ് കോക്കാട്ട്, സോഫി ജോസഫ്, കെ.പി സുശീലൻ, ജിജിമോൾ ഫിലിപ്പ്, ബാബൂ ടി ജോൺ, തോമസ് ചെമ്മരപ്പള്ളിൽ, ജിൻസ് കുഴിക്കൊമ്പിൽ, അബേഷ് അലോഷ്യസ്, സണ്ണി വാവലാങ്കൽ, എംഎൽഎ സർവീസ് ഭാരവാഹികളായ ബിനോ ജോൺ ചാലക്കുഴി , ഡോ.ആൻസി ജോസഫ്, സുജ എംജി, പി എം സെബാസ്റ്റ്യൻ പുല്ലാട്ട്, പിപിഎം നൗഷാദ്, അരുൺ ആലക്കപറമ്പിൽ, അജ്മൽ മലയിൽ, പി എസ് എം റംലി, സി വി ജോസഫ് ചെങ്ങഴശ്ശേരി, ജോയി കിടങ്ങത്താഴെ, റോബിൻ കുഴിപ്പാല, വി വി സോമൻ, കെ.കെ ബേബി കണ്ടത്തിൽ, ചാക്കോ തുണിയമ്പ്രയിൽ, ബീന ഷാലറ്റ്, തുടങ്ങിയവർ പ്രസംഗിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെയും, ആശരണരെയും ചേർത്തുപിടിക്കുന്ന ഇത്തരം പദ്ധതികളിലൂടെ സമൂഹത്തിനാകെ വലിയൊരു സന്ദേശമാണ് നൽകാൻ കഴിയുന്നതെന്ന് ജോസ് കെ മാണി എംപി പറഞ്ഞു.
മുൻപ് 100 കിടപ്പ് രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പ്രകാരം ഒരു വർഷം ഇത്തരത്തിൽ ധനസഹായം നൽകിവന്നിരുന്നു. ഇപ്പോൾ രണ്ടാംഘട്ടം എന്ന നിലയിലാണ് വീണ്ടും 100 രോഗികൾക്കായി പദ്ധതി ആരംഭിച്ചിട്ടുള്ളതെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.

പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ പത്തു പഞ്ചായത്തുകളിൽ നിന്നുമായി തെരഞ്ഞെടുക്കപ്പെട്ട 10 സ്കൂളുകളിൽ നിന്നുമുള്ള 100 നിർധന വിദ്യാർത്ഥികൾക്ക് സൗജന്യമായി നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം, അതോടൊപ്പം 25 നിർധന വൃക്ക രോഗികൾക്ക് നൽകുന്ന സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം എന്നിവയുടെ സംയുക്ത ഉദ്ഘാടനവും ഇതോടൊപ്പം ജോസ് കെ.മാണി എംപി നിർവഹിച്ചു.

എംഎൽഎ ആർമിയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്, പൂഞ്ഞാർ ജോബ്സ്,ഫല സമൃദ്ധി കാർഷിക പദ്ധതി, കാരുണ്യ ഭവന നിർമ്മാണ പദ്ധതി, കൈത്താങ്ങ് എന്ന പേരിൽ ചികിത്സ വിദ്യാഭ്യാസ സഹായങ്ങൾ തുടങ്ങി നിരവധിയായ ജീവകാരുണ്യ പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.
