
മുംബയ്: പതിനായിരക്കണക്കിന് ആളുകളാണ് ഇന്നലെ ഒറ്റ ദിവസം കൊണ്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സർക്കാർ ഉദ്യോഗത്തിൽ നിന്നും വിരമിച്ചത്. സാധാരണയായി വിരമിക്കൽ ആഘോഷങ്ങളൊക്കെ വീട്ടിൽ വച്ചൊ, ഓഫീസിലൊ പാർട്ടിഹാളിലൊക്കെയായിരിക്കുമല്ലൊ നടക്കുക . എന്നാൽ നമ്മുടെ മുംബയിൽ വ്യത്യസ്തമായ ഒരു വിടവാങ്ങൽ ചടങ്ങാണ് അരങ്ങേറിയത്.

എല്ലാവരോടും എപ്പോഴും കരുതലുള്ളവരാണ് മുംബയിലെ ജനങ്ങൾ. അക്കാര്യത്തിൽ മുംബയ് തന്നെയാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തെ് എന്ന് പറഞ്ഞാലും തെറ്റ് പറയാൻ കഴിയില്ല. അടുത്തിടെ ലോക്കൽ ട്രെയിനിലെ ഒരു കൂട്ടം സുഹൃത്തുക്കൾ ചേർന്ന് തങ്ങളുടെ ദൈനംദിന ട്രെയിൻ യാത്രകളിൽ പരിചയപ്പെട്ട ഒരു സഹയാത്രികന്റെ വിരമിക്കൽ ആഘോഷിക്കാൻ ഒത്തുകൂടി.

ഹാപ്പി റിട്ടയർമെന്റ് എന്ന് എഴുതിയ ചെറിയ ബാനർ ഉപയോഗിച്ച് ലളിതമായ ഗംഭീര ആഘോഷമാണ് സഹയാത്രികർ സംഘടിപ്പിച്ചത്. അലങ്കാരം ലളിതമായിരുന്നെങ്കിലും, സ്വപ്നങ്ങളുടെ നഗരത്തിലെ ലോക്കൽ ട്രെയിനുകളിൽ വെറും യാത്രകൾക്കുപരി ബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്നുവെന്ന് മുംബയ് ജനത കാണിച്ചുതരുന്നു. ലോക്കൽ ട്രെയിനുകൾ മുംബയി ജനതയുടെ ജീവിതത്തിൽ പ്രത്യേക സ്ഥാനം വഹിക്കുന്നുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടു.
സത്യം പറഞ്ഞാൽ മുംബയിൽ മാത്രമേ ഒരു സഹയാത്രികന്റെ വിരമിക്കൽ ആഘോഷിക്കുന്ന ട്രെയിൻ സുഹൃത്തുക്കളെ നമുക്ക് കാണാൻ കഴിയൂ. ഉത്തരേന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. പതിറ്റാണ്ടുകളായി ഇത്തരത്തിലുള്ള ആഘോഷങ്ങൾ അവർ തുടരുന്നു. ട്രെയിൻ സുഹൃത്തുക്കളുടെ ഒരു വാട്സാപ് ഗ്രൂപ്പും ഇവർക്കുണ്ട്.