തൃശൂർ: ദേശീയപാത നിർമാണത്തെ തുടർന്ന് തോടുകൾ മണ്ണിട്ട് നികത്തിയതോടെ കനത്ത മഴയിൽ വെള്ളം ഒഴുകി പോകാൻ കഴിയാതെ നടുവിൽക്കര മേഖലയിൽ 50 ലധികം വീടുകൾ വെള്ളത്തിലായി. പൊലീസ് സ്റ്റേഷന് കിഴക്ക് നടുവിൽക്കര വടക്കുംമുറി വരെ ദേശീയ പാതയ്ക്ക് സമീപമുള്ള വീടുകളാണ് വെള്ളത്തിലായത്.

നേരത്തെ പാടമായിരുന്ന പ്രദേശത്തെ വെള്ളം ഒഴുകി പോയിരുന്ന തോടുകൾ ഏറേയും അടച്ച് ദേശീയപാത നിർമാണത്തിനായി പന്ത്രണ്ട് അടിയോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമ്മാണം പുരോഗമിക്കുകയാണ്.
മഴയിൽ വെള്ളം തോടുകൾ വഴി ഒഴുകി കനോലി പുഴയിലാണ് എത്തിച്ചേരാറുള്ളത്. തോടുകളില്ലാതായതോടെ വെള്ളം ഒഴുകി പോകാൻ കഴിയാതെ വീടുകൾക്ക് സമീപം കനത്ത വെളളക്കെട്ടാണ്. കെട്ടി നിൽക്കുന്ന വെള്ളത്തിന് നിറവ്യത്യാസമുണ്ട്. വെള്ളത്തിലൂടെ നടന്ന് പലർക്കും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ട്. ഭിന്നശേഷിക്കാരടമുള്ളവരാണ് ഇവിടുത്തെ വീടുകളിൽ കഴിയുന്നത്. വെള്ളം കെട്ടി നിന്നതോടെ ശുചിമുറികളും നിറഞ്ഞ് മാലിന്യ പശ്നവും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത പ്രശ്നവുമുണ്ട്.

വെള്ളം ഒഴുകി പോകാൻ അടിയന്തിരമായി കാനകൾ നിർമിക്കണമെന്ന ആവശ്യം ശക്തമാണ്. നിലവിലെ സ്ഥിതി തുടർന്നാൽ വരും വർഷങ്ങളിലും കാലവർഷത്തിൽ വെള്ളക്കെട്ട് രൂക്ഷമാകാൻ ഇടയുണ്ട്.

