തിരുവനന്തപുരം: രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ ഇന്ന് പുതിയ അധ്യയന വര്‍ഷത്തിലേക്ക്. (Kerala Schools reopen) പ്രവേശനോത്സവത്തോടെ ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം രാവിലെ 9.30ന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.

രാവിലെ 9 മണിയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രി ഒന്നാം ക്ലാസിലെ കുട്ടികളെ സ്വാഗതം ചെയ്യും. 9.30 ന് പ്രവേശനോത്സവ ഗാനത്തിന്റെ നൃത്താവിഷ്കാരം വേദിയില്‍ നടക്കും. കൊട്ടാരക്കര താമരക്കുടി എസ് വി വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനിയായ ഭദ്ര ഹരി എഴുതി പ്രശസ്ത സംഗീത സംവിധായകന് അല്‍ഫോണ്‍സ് ജോസഫ് ചിട്ടപ്പെടുത്തിയ ഗാനമാണ് പ്രവേശനോത്സവ ഗാനം. അനു തോമസ്, അലീന മേരി ഷിബു, ജെറിന് ജോര്‍ജ്ജ് എന്നിവരും ഗാനാലാപനത്തിന്റെ ഭാഗമായി. തുടര്‍ന്ന് ഔദ്യോഗിക ചടങ്ങുകള്‍ ആരംഭിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
തുടര്‍ന്ന് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേട്ടങ്ങള്‍ സംബന്ധിച്ച പുസ്തക പ്രകാശനമാണ്. മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി സജി ചെറിയാന് നല്കി പ്രകാശനം നിര്‍വഹിക്കും. സംസ്ഥാനതല പ്രവേശനോത്സവം എല്ലാ സ്കൂളുകളിലും പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തെ പ്രവേശനോത്സവം മന്ത്രി ജി ആര് അനിലും, കൊല്ലം മന്ത്രി കെ എന്‍ ബാലഗോപാല്‍, പത്തനംതിട്ട മന്ത്രി വീണാ ജോര്‍ജ്, കോട്ടയം മന്ത്രി വി എന്‍ വാസവന്, ഇടുക്കി മന്ത്രി റോഷി അഗസ്റ്റിന്, എറണാകുളം മന്ത്രി പി രാജീവ്, തൃശ്ശൂര്‍ മന്ത്രി അഡ്വ. കെ രാജന്, പാലക്കാട് മന്ത്രി കെ കൃഷ്ണന്‍കുട്ടി, മലപ്പുറം ജില്ലാ കളക്ടര്‍, കോഴിക്കോട് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ്, വയനാട് മന്ത്രി ഒ ആര് കേളു, കണ്ണൂര്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്, കാസര്‍ഗോഡ് രാജ്മോഹന്‍ ഉണ്ണിത്താന് എം പി എന്നിവരും ഉദ്ഘാടനം ചെയ്യും.
അതിനുശേഷം സ്കൂള്‍തല പ്രവേശനോത്സവങ്ങള്‍ നടത്തും. ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍ തുടങ്ങി പൊതു സമൂഹമാകെ അണിചേരും.
അവധിക്കാലം തുടങ്ങുംമുമ്പേ സ്കൂളുകളില്‍ പാഠപുസ്തകങ്ങള്‍ എത്തി. പാഠപുസ്തക, യൂണിഫോം വിതരണങ്ങള്‍ 95 ശതമാനവും ഇതിനകം പൂര്‍ത്തിയാക്കി. സ്കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും അറ്റകുറ്റപ്പണികളും ഫിറ്റ്നസ് പരിശോധനയും നേരത്തേ നടത്തിയിരുന്നു. സ്കൂളുകളും പരിസരവും ശുചീകരിക്കുന്നതില്‍ എല്ലായിടത്തും വിദ്യാര്‍ഥി, യുവജന, അധ്യാപക സംഘടനകളുടെ വലിയ പങ്കാളിത്തം ഉണ്ടായി. കുടുംബശ്രീയുടെയും റസിഡന്റ്സ് അസോസിയേഷനുകളുടെയും സഹകരണവുമുണ്ടായി. പ്രീപ്രൈമറിതലംമുതല് ഹയര്‍ സെക്കന്‍ഡറിവരെ 40 ലക്ഷത്തോളം കുട്ടികളാണ് ഇക്കുറി സ്കൂളുകളില്‍ എത്തുന്നത്. ഇതില്‍ മൂന്നുലക്ഷത്തോളം കുരുന്നുകള്‍ ഒന്നാം ക്ലാസിലേക്കാണ്. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടി പുരോഗമിക്കുകയാണ്. അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ജൂണ്‍ 10 നകം പ്രസിദ്ധീകരിക്കും.

സ്കൂള്‍ വിദ്യാഭ്യാസ രീതിയില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടെ നടപ്പാക്കാനും പുതിയ അധ്യയന വര്‍ഷത്തില്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. സമഗ്ര ഗുണമേന്മാ വര്‍ഷമായി 2025-26 അധ്യയന വര്‍ഷത്തെ പരിഗണിക്കും. സമഗ്രഗുണമേന്മാ വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളും പദ്ധതികളും നടപ്പിലാക്കി വരുകയാണ്. ഓരോ ക്ലാസിലും കുട്ടികള്‍ നേടേണ്ട അറിവും കഴിവും അതത് ക്ലാസില്‍ വച്ചു തന്നെ നേടി എന്ന് ഉറപ്പാക്കുക എന്നത് സമഗ്രഗുണമേന്മാ പദ്ധതിയുടെ ഭാഗമാണ്. ഓരോ ഘട്ടത്തിലും കുട്ടികളുടെ പഠനനില അറിഞ്ഞുകൊണ്ട് അതത് അവസരങ്ങളില്‍ ആവശ്യമായപഠനപിന്തുണ ഉറപ്പാക്കി പഠനത്തില്‍ മുന്നേറാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. ജനാധിപത്യം, മതനിരപേക്ഷത, തുല്യത തുടങ്ങി ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും പാഠ്യപദ്ധതി ചട്ടക്കൂട് 2023 മുന്നോട്ട് വെച്ച സാമൂഹികമൂല്യങ്ങളും പൗരബോധവും കുട്ടികളില്‍ ഉളവാകുന്നതരത്തില്‍ പഠനപ്രക്രിയകളെ വികസിപ്പിക്കും.

