ന്യൂഡല്‍ഹി : അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ നഷ്ടപരിഹാരം (Ahmedabad plane crash) പ്രഖ്യാപിച്ച് ടാറ്റ. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് എയര്‍ ഇന്ത്യയുടെ ഉടമസ്ഥരായ ടാറ്റ ഗ്രൂപ്പ് അറിയിച്ചു. ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് ആണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവും കമ്പനി വഹിക്കും. വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളജ് ഹോസ്റ്റലിന്റെ കെട്ടിടം പുനര്‍നിര്‍മ്മിച്ച് നല്‍കുമെന്നും ടാറ്റ സണ്‍സ് ചെയര്‍മാര്‍ എക്സ് പോസ്റ്റില്‍ അറിയിച്ചു.

എയര്‍ ഇന്ത്യ 171 വിമാനം അപകടത്തില്‍പ്പെട്ട സംഭവം അതീവ സങ്കടകരമാണ്. അപകടം ഉണ്ടാക്കിയ നഷ്ടം നികത്താന്‍ കഴിയാത്തതാണ്. ദുരിത ബാധിതരുടെ കുടുംബാഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. എന്നും ടാറ്റ സണ്‍സ് ചെയര്മാന് എന്‍ ചന്ദ്രശേഖരന് എക്സ് പോസ്റ്റില്‍ പറഞ്ഞു.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് 242 പേരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ171 ബോയിങ് 787 8 ഡ്രീംലൈനര്‍ വിമാനമാണ് ടേക് ഓഫിനു തൊട്ടു പിന്നാലെ വിമാനത്താവളത്തിനു സമീപത്തെ ജനവാസ മേഖലയില്‍ തകര്‍ന്നുവീണത്. ഉച്ചയ്ക്ക് 1.43 നായിരുന്നു അപകടം. വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരുള്‍പ്പെടെയുള്ള മറ്റ് 241 പേരും മരിച്ചതായി നേരത്തെ അഹമ്മദാബാദ് പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പിന്നീട് യാത്രികരില്‍ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രമേഷ് വിശ്വാസ് കുമാര്‍ എന്ന നാല്‍പ്പതുകാരനാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. 11 എ സീറ്റില്‍ യാത്ര ചെയ്തിരുന്ന രമേഷ് വിശ്വാസ് കുമാര്‍ എമര്‍ജന്‍സി എക്സിറ്റ് വഴി പുറത്തേക്ക് തെറിച്ചുവീണതായിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് – ഇന്ത്യന്‍ വംശജനായ ഇയാള്‍ ചികിത്സയില്‍ തുടരുകയാണ്.

