
തിരുവനന്തപുരം∙ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂര്‍, കാസർകോട് ജില്ലകളിൽ ഇന്ന് യെലോ അലർട്ട്. ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലർട്ട്.
ഓറഞ്ച് അലർട്ട്
അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളപ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്.

ഓറഞ്ച് അലർട്ടിലൂടെ അതിജാഗ്രതാ മുന്നറിയിപ്പാണ് നൽകുന്നത്. സുരക്ഷാ തയാറെടുപ്പുകൾ തുടങ്ങണം. മാറ്റി താമസിപ്പിക്കൽ ഉൾപ്പെടെ അധികൃതർ ആരംഭിക്കേണ്ടതോ അതിനുവേണ്ട മുന്നൊരുക്കങ്ങൾ പൂർത്തിയാക്കേണ്ടതോ ആയ ഘട്ടം. അപകട സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എമർജൻസി കിറ്റ് ഉൾപ്പെടെ തയാറാക്കി നിൽക്കണം. രക്ഷാസേനകളോട് തയാറെടുക്കാൻ ആവശ്യപ്പെടും. ക്യാംപുകൾ തയാറാക്കണം.