എഡ്ജ്ബാസ്റ്റണ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഇരട്ട സെഞ്ച്വറി. നായകന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെ മികവില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ശക്തമായ നിലയിലാണ്. 21 ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതമാണ് ഗില്‍ ഇരട്ട സെഞ്ച്വറി തികച്ചത്. 472-6 എന്ന നിലയിലാണ് നായകന് ഇരട്ട സെഞ്ച്വറി തികയിക്കുമ്പോള് ഇന്ത്യന്‍ സ്കോര്‍.

23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ബാറ്റര്‍ ഇംഗ്ലണ്ടില്‍ ഇരട്ട സെഞ്ച്വറി നേട്ടം കൈവരിക്കുന്നത്. ഇതിന് മുമ്പ് സുനില്‍ ഗവാസ്കര്‍, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടില്‍ ഇരട്ട സെഞ്ച്വറി നേടിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍.


310ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില് രണ്ടാം ദിനം കളി പുനരാരംഭിച്ചത്. രവീന്ദ്ര ജഡേജ (89)യുടെ വിക്കറ്റ് മാത്രമാണ് രണ്ടാം ദിനം ഇന്ത്യക്ക് ഇതുവരെ നഷ്ടമായിട്ടുള്ളത്. ഒന്നാം ദിനത്തില്‍ യശ്വസി ജയ്സ്വാള്‍ (87), കെഎല്‍ രാഹുല്‍ (2), കരുണ്‍ നായര്‍ (31), വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് (25), നിധീഷ് കുമാര്‍ റെഡ്ഡി (1) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍, ജോഷ് ടംഗ്, ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ്, ബ്രൈഡന്‍ കാഴ്സ്, ഷൊയ്ബ് ബഷീര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ കളി വിജയിച്ച ഇംഗ്ലണ്ട് 1-0ന് മുന്നിലാണ്.
