തൃശൂർ: ജില്ലയിലെ ടൂറിസം വികസനത്തിൽ പുതിയ അധ്യായം രചിച്ച് പൂമല ഡാമില്‍ പെഡല്‍ ബോട്ടിങ് തുടങ്ങി. കാടിന്റെ ഭംഗി ആസ്വദിക്കുന്നതിനൊപ്പം ഉല്ലാസവും ലക്ഷ്യമിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍. ആദ്യഘട്ടമായാണ് പെഡല്‍ ബോട്ടിങ് ആരംഭിച്ചത്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ബോട്ട് സവാരി സജ്ജമാക്കിയിരിക്കുന്നത്.

പെഡല്‍ ബോട്ടുകള്‍ക്കൊപ്പം, കയാക്കിങ്, ഫൈബര്‍ വഞ്ചികള്‍, സോളാര്‍ ബോട്ടുകള്‍, കൊട്ട വഞ്ചികള്‍ തുടങ്ങിയ സവാരികളും ഘട്ടം ഘട്ടമായി ഡാമില്‍ ഒരുക്കും.
പൂമല ഡാമില്‍ 3.85 കോടി രൂപയുടെ വിവിധ വികസന പ്രവര്‍ത്തനങ്ങളാണ് വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്. ഡാമിനോട് ചേര്‍ന്നുള്ള കമ്മ്യൂണിറ്റി ഹാള്‍, നാല് ഇക്കോ ഹട്ടുകള്‍, രണ്ട് കിയോസ്കി, ഇക്കോ സൈക്കിള്‍ പാത, പാര്‍ക്കിങ് ഏരിയ, കളി ഉപകരണങ്ങള്‍, പാര്‍ക്ക്, ബോട്ട് ജെട്ടി, റെസ്റ്റോറന്റ് ഏരിയ തുടങ്ങിയ നവീകരണ പ്രവര്‍ത്തനങ്ങള്‍ പരോഗമിക്കുകയാണ്. സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു.

തൃശൂര്‍ നഗരത്തില്‍ നിന്നു ഏകദേശം 12 കിമീ അകലെയാണ് പൂമല ഡാം. കൃഷി ആവശ്യങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയ ചെക്ക്ഡാം ഇപ്പോള്‍ ടൂറിസം വകുപ്പ് ഏറ്റെടുത്തു. പണ്ട് മുനികള് തപസ്സിരുന്നതായി പറയപ്പെടുന്ന മുനിയറകളും ഇവിടെ ഉണ്ട്. 2010 മാര്‍ച്ച് 21ന് അന്ന് മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണനാണ് ഇവിടം ടൂറിസ്റ്റ് കേന്ദ്രമായി പ്രഖ്യാപിച്ചത്.

