കോട്ടയം: മൂന്നു ലക്ഷം രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയ ബാങ്ക് ജീവനക്കാരൻ അറസ്റ്റിൽ. പരുത്തുംപാറ മലയിൽ വീട്ടിൽ ടോണി വർഗീസ് (31) ആണ് പിടിയിലായത്.

എച്ച്.ഡി.എഫ്.സി കുമാരനല്ലൂർ ബ്രാഞ്ചിൽ ടെല്ലറായി ജോലി ചെയ്തുവരവേ നവംബറിൽ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്.
നവംബർ 21ന് ബാങ്കിന്റെ രണ്ട് അക്കൗണ്ടുകളിൽ മൂന്നു ലക്ഷം രൂപ നിക്ഷേപിച്ചതായി ഡെപ്പോസിറ്റ് സ്ലിപ്പിൽ എഴുതി ഒപ്പിട്ട് ഒരു അക്കൗണ്ടിലേക്ക് രണ്ട് ലക്ഷം രൂപയും മറ്റൊന്നിലേക്ക് ലക്ഷം രൂപയും ട്രാൻസ്ഫർ ചെയ്തു പിൻവലിച്ചു.

കാഷ് കൗണ്ടറിൽനിന്ന് 1,100 രൂപ പണമായും എടുത്തു. ആകെ 3,01,100 തട്ടിയെടുത്തത്. സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയെ കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽവിട്ടു.

