നീലംപേരൂർ : കുടുംബശ്രീ മിഷൻ കുട്ടനാടൻ മേഖലയിൽ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി ടൂറിസം കണ്ടു പഠിക്കുവാനാണ് സിക്കിം സ്റ്റേറ്റ് റൂറൽ ലൈവ്ലിഹുഡ് മിഷൻ ടീം എത്തിയത്. കുടുംബശ്രീ മിഷന്റെ ആലപ്പി റൂട്സ് കമ്മ്യൂണിറ്റി ടൂറിസം ടീം ആതിഥേയത്വമേകി.19 അംഗ സംഘത്തെ ആലപ്പുഴ കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ രഞ്ജിത്ത്.എസ്, വെളിയനാട് ബി.എൻ.എസ് – ഇ.പി അംഗങ്ങളും
കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസെഷന്റെ അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ അഷിത സി.എം, കേരള പ്രോഗ്രാം പ്രൊജക്റ്റ്ന്റെ മെന്റർ ഷെൽബി പി.സ്ലീബാ എന്നിവർ ചേർന്ന് സ്വീകരിച്ചു.

പരഘ ബ്ലോക്ക് പ്രൊജക്റ്റ് മാനേജർ ഷെറിങ് ചോടാ ലെപ്ച്ച ആണ് സിക്കിം സംഘത്തെ നയിക്കുന്നത് . സ്റ്റാർട്ട് അപ്പ് വില്ലജ് എന്റർപ്രെനെർഷിപ് പ്രോഗ്രാമിന്റെ ബ്ലോക്ക് എന്റെർപ്രൈസ് പ്രൊമോഷൻ കമ്മിറ്റി അംഗങ്ങളും, കമ്മ്യൂണിറ്റി റിസോഴ്സ് പഴ്സൺസും ആണ് സിക്കിം ടീമിൽ ഉള്ളത്
ജൂലൈ ഒൻപത് മുതൽ പന്ത്രണ്ട് വരെയായിരുന്നു സന്ദർശനം. സംസ്ഥാനത്ത്
കമ്മ്യൂണിറ്റി ടൂറിസം ആദ്യ ഘട്ടം നടപ്പിലാക്കുന്ന കൈനകരി, കാവാലം, നീലംപേരൂർ, ചമ്പക്കുളം പഞ്ചായത്തുകൾ സന്ദർശിച്ചു. ഓരോ പഞ്ചായത്തുകളിലും ഊഷ്മളമായ സ്വീകരണമാണ് സംഘത്തിന് ലഭിച്ചത്. കുടുംബശ്രീ കമ്മ്യൂണിറ്റി ടൂറിസത്തിന്റെ ഹോംസ്റ്റേകളിൽ താമസിച്ചും, വിവിധങ്ങളായ സംരംഭങ്ങൾ സന്ദർശിച്ചും ടീം പഠനം നടത്തി.

ഓരോ ദിവസവും കുട്ടനാടിന്റെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്ത് ഗ്രാമീണ ഭംഗിയും ആമ്പൽ വസന്തവും, ആസ്വദിച്ച് ഉൾഗ്രാമങ്ങളിലേക്ക് എത്തിയപ്പോൾ കുട്ടനാട്ടുകാർ തന്നെ വിളമ്പിയ കുട്ടനാടൻ രുചികളും, കേരള സദ്യയും അവർക്ക് ആനന്ദമേകി.

തഴപാ നെയ്തും, പട്ടം പറത്തിയും, വലവീശൽ കണ്ടും, നാടൻ കലകളും കളരിയും ഒക്കെയായി സംഘത്തിന് അറിവേകി.
കാവാലം പഞ്ചായത്ത് പ്രസിഡന്റ് സത്യദാസ് ടി.ടി സംഘത്തെ സ്വീകരിച്ചു.
കാവാലം എൻ.എസ്.എസ് ഹൈസ്കൂളിലെ കുട്ടികൾ കാവാലം നാരായണപണിക്കർ രചിച്ച ഗാനവും ആലപിച്ചു.
നീലംപേരൂർ പഞ്ചായത്ത് പ്രസിഡൻ്റ് റ്റി.കെ തങ്കച്ചൻ ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളും, ഹരിതകർമസേന അംഗങ്ങളുമായി സിക്കിം ടീം സംവദിച്ചു.
ആലപ്പി റൂട്സ് കമ്മ്യൂണിറ്റിയാണ് ടൂർ കോർഡിനേറ്റ് ചെയ്യുന്നത്.
സ്വന്തം മണ്ണിലേക്ക് ടൂറിസ്റ്റുകളെ വരുത്തുന്ന വനിതാഗ്രൂപ്പ് സംരംഭമാണ് ആലപ്പി റൂട്സ് എന്ന പ്രത്യേകതയും ഈ ഗ്രൂപ്പിന് ഉണ്ട്.
പഞ്ചായത്ത് തല സംരംഭക സമിതി ഭാരവാഹികൾ സംരംഭകതല പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
കുടുംബശ്രീ നാഷണൽ റിസോഴ്സ് ഓർഗനൈസെഷന്റെ മേൽനോട്ടത്തിൽ കരട് ആക്ഷൻ പ്ലാൻ തയ്യാറാക്കിയാണ് സിക്കിം ടീം തിരികെ യാത്ര തിരിച്ചത്.
