ആലപ്പുഴ : ആലപ്പുഴയിൽ സ്വകാര്യ ബസിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവത്തിൽ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഡ് ചെയ്തു.

അൽ അമീൻ ബസിന്റെ ഡ്രൈവർ ജയകുമാർ, കണ്ടക്ടർ സുഭാഷ് എന്നിവർക്കെതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്. ഇരുവരുടെയും ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. ഡോർ തുറന്ന് സർവീസ് നടത്തിയതിനെതിരെയും നടപടി ഉണ്ടാകും.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 3.20ന് ആലപ്പുഴ വലിയ ചുടുകാട് ജങ്ഷനും തിരുവമ്പാടി ജങ്ഷനും മധ്യേയായിരുന്നു അപകടം. സംഭവത്തിൽ പുന്നപ്ര കോ-ഓപ്പറേറ്റീവ് എൻജിനീയറിങ് കോളജിലെ അവസാനവർഷ ബി ടെക് സിവിൽ വിദ്യാർഥിനി ദേവീകൃഷ്ണയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർത്ഥിനി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.

കോളേജ് കഴിഞ്ഞ് വീട്ടിലേക്ക് വരാന്‍ അല്അമീന് എന്ന സ്വകാര്യ ബസിലാണ് വിദ്യാര്‍ത്ഥി കയറിയത്. ഇറങ്ങാനുള്ള സ്റ്റോപ്പ് ആയ വലിയ ചുടുകാട് ജംഗ്ഷന് എത്തിയപ്പോള്‍ ബസ് നിര്‍ത്തിയിരുന്നില്ല. ബസ് നിര്‍ത്താന്‍ വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടെങ്കിലും തിരുവമ്പാടി എത്തുന്നതിന് മുന്‍പ് നിര്‍ത്തി. വാതില്‍ തുറന്ന് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ ബസ് പെട്ടെന്ന് മുന്നോട്ടെടുക്കുകയും കുട്ടി പുറത്തേക്ക് തെറിച്ചുവീണ് റോഡിലെ വൈദ്യുത തൂണില്‍ തലയിടിക്കുകയുമായിരുന്നു. അപകടമുണ്ടായിട്ടും ബസ് നിര്‍ത്താന്‍ തയ്യാറായിരുന്നില്ല.

