തൃശ്ശൂർ: പേരിനെച്ചൊല്ലിയുള്ള വിവാദങ്ങൾക്കൊടുവിൽ വ്യാഴാഴ്ച തിയേറ്ററുകളിലെത്തിയ ‘ജെഎസ്കെ (ജാനകി വി. v/s സ്റ്റേറ്റ് ഓഫ് കേരള)’യുടെ ആദ്യപ്രദർശനത്തിന് പ്രേക്ഷകമനസ്സറിയാനുള്ള ആകാംക്ഷയുമായി നായകനടനും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയും. രാവിലെയുള്ള പ്രദർശനത്തിനാണ് മകൻ ഗോകുൽ സുരേഷിനും സിനിമയുടെ അണിയറപ്രവർത്തകർക്കുമൊപ്പം അദ്ദേഹം രാഗം തിയേറ്ററിലെത്തിയത്.

ആരാധകർ ചെണ്ടമേളവും ആർപ്പുവിളിയുമായി നായകനെ വരവേറ്റു. അഭിഭാഷകവേഷത്തിൽ സ്ക്രീനിൽ തെളിഞ്ഞ കേന്ദ്രമന്ത്രിയെ കണ്ട് തിയേറ്റർ ആവേശത്തിലായി. പെൺകുട്ടികൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെക്കുറിച്ച് ഭരണഘടന കൈയിലേന്തി നായകകഥാപാത്രം വാദിച്ചുമുന്നേറുമ്പോൾ തിയേറ്ററിലാകെ കൈയടി നിറഞ്ഞു. പ്രദർശനത്തിനുശേഷം പ്രേക്ഷകർക്കും അണിയറപ്രവർത്തകർക്കുമൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചാണ് സുരേഷ്ഗോപി മടങ്ങിയത്.
അറിയാതെ ചെയ്ത തെറ്റുകൾക്കുള്ള ഏറ്റുപറച്ചിൽ’
ജീവിതത്തിൽ ഇന്നേവരെ കടന്നുവന്ന സ്ത്രീകളോടാരോടെങ്കിലും താൻ അറിയാതെ തെറ്റുചെയ്തുപോയിട്ടുണ്ടെങ്കിൽ അതിനെല്ലാമുള്ള ഏറ്റുപറച്ചിലും മാപ്പുപറച്ചിലുമാണ് ഈ സിനിമയെന്ന് പ്രദർശനത്തിനുശേഷം സുരേഷ്ഗോപി പറഞ്ഞു. നീതിക്കായുള്ള ജാനകിമാരുടെ പോരാട്ടത്തിന്റെ ഭാഗമായതിൽ സന്തോഷവും അതിലേറെ അഭിമാനവുമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാറ്റം പേരിൽമാത്രം
സെൻസർ ബോർഡിന്റെ എതിർപ്പിനെത്തുടർന്ന് ജാനകി വി. എന്ന പേരുമാറ്റത്തോടെയാണ് സിനിമയ്ക്ക് പ്രദർശനാനുമതി ലഭിച്ചത്. പേര് പ്രദർശിപ്പിക്കുമ്പോൾ മാത്രമാണ് ജാനകി വി. v/s സ്റ്റേറ്റ് ഓഫ് കേരള എന്നുള്ളത്. ഇതൊഴികെ സിനിമയിലുടനീളം ജാനകി എന്നുതന്നെയാണുള്ളത്. കോടതിവിചാരണ നടക്കുമ്പോൾ ജാനകി എന്ന പേര് മ്യൂട്ട് ചെയ്തിട്ടുണ്ട്.

