കുവൈത്ത് : മനുഷ്യക്കടത്തും നിയമവിരുദ്ധ വിസാ പ്രവർത്തനങ്ങളും നടത്തി വന്ന സംഘത്തെ പിടികൂടിയതായി കുവൈത്ത് അധികൃതർ. ഒരു സ്വദേശിയുൾപ്പെടെ ഒൻപത് പേരടങ്ങുന്ന സംഘമാണ് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ പിടിയിലായത്.

പ്രവാസി തൊഴിലാളികളെ നിയമവിരുദ്ധമായി രജിസ്റ്റർ ചെയ്യുക, നിയമ വിരുദ്ധമായി വിസ കൈമാറുക,റെസിഡൻസി നിയമങ്ങൾ ലംഘിക്കുക തുടങ്ങിയവയാണ് പ്രതികൾ ചെയ്ത കുറ്റം. ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.
തൊഴിലാളികളെ നിയമിക്കാൻ അധികാരമുള്ളയാളാണ് പിടിയിലായ സംഘത്തിലെ സ്വദേശി യായ വ്യക്തി. ഇയാളുടെ പേരിൽ നിരവധി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. അതിനെ മറയാക്കി ആയിരുന്നു തട്ടിപ്പ് നടത്തിയത്. കുവൈത്തിൽ എത്തുന്ന പ്രവാസി തൊഴിലാളികളെ ഇയാളുടെ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്ത ശേഷം അനധികൃതമായി റെസിഡൻസി പെർമിറ്റുകളും മറ്റ് രേഖകളും ശരിയാക്കി നൽകും.
ഇതിനായി ഒരാളിൽ നിന്ന് 300 മുതൽ 1,200 ദിനാർ വരെയാണ് വാങ്ങുന്നത്. ഇങ്ങനെ പെർമിറ്റ് ലഭിക്കുന്നവർ മറ്റു കമ്പനികളിൽ അനധികൃതമായി ജോലി ചെയ്യാനും ഇയാൾ സൗകര്യമൊരുക്കി നൽകും. 56 പേരെ നിയമവിരുദ്ധമായി രേഖകൾ നിർമ്മിച്ച് ഇയാൾ വിവിധ കമ്പനികൾക്ക് കൈമാറി എന്നാണ് വിവരം.

ഇന്ത്യക്കാരൻ ഉൾപ്പെടെയുള്ള പ്രത്യേക സംഘമാണ് ഇയാൾക്ക് ഇടനിലക്കാരായി പ്രവർത്തിച്ചു വന്നിരുന്നു. നിയമ വിരുദ്ധമായി രാജ്യത്ത് പ്രവേശിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു സംഘത്തിന്റെ പ്രവർത്തനം. പിടിയിലായ ഇടനിലക്കാരെ ഉൾപ്പെടെ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ നടപടി ശക്തമാക്കുമെന്ന് ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറിയിച്ചു.

