കൊച്ചി: താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് മത്സരചിത്രം തെളിഞ്ഞു. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ തിരഞ്ഞെടുക്കപ്പെട്ടു. ബാബുരാജ് മത്സരത്തിൽനിന്ന് പിന്മാറിയതോടെ അൻസിബ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 13 പേരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാൻ പത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ ബാബുരാജടക്കം 12 പേരും മത്സരത്തിൽനിന്ന് പിൻവാങ്ങുകയായിരുന്നു. വെള്ളിയാഴ്ചയാണ് അമ്മയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.
പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽനിന്ന് ജഗദീഷ് പിന്മാറിയതോടെ ഈ സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും വിധി തേടും. ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ജഗദീഷ് നാമനിർദേശ പത്രിക പിൻവലിച്ചത്. നാസർ ലത്തീഫ്, ജയൻ ചേർത്തല, ലക്ഷ്മിപ്രിയ എന്നിവരാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കു പരമേശ്വരനും മത്സരിക്കും. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിലാണ് ട്രഷറർ സ്ഥാനത്തേക്ക് മത്സരിക്കുക.
അമ്മയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ നാമനിർദേശ പത്രിക സമർപ്പിക്കുകയും പിൻവലിക്കുകയും ചെയ്ത തിരഞ്ഞെടുപ്പാണ് അമ്മയിലേത്. ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് ബാബുരാജ് പത്രിക സമർപ്പിച്ചിരുന്നത്. ആരോപണവിധേയർ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് വലിയ ചർച്ചകളും വിവാദവും ഉയർന്നതോടെ അദ്ദേഹം വ്യാഴാഴ്ച മത്സരത്തിൽനിന്ന് പിന്മാറുകയായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യാ നായർ, ആശാ അരവിന്ദ് തുടങ്ങിയവർ പത്രിക നൽകിയിരുന്നെങ്കിലും പിൻവലിക്കുകയായിരുന്നു.
ഒരുപാട് ആരോപണങ്ങളും പ്രത്യാരോപണങ്ങളും വിമർശനങ്ങളുമെല്ലാം ഉണ്ടായ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് കഴിഞ്ഞ കുറച്ചു നാളുകളായി അമ്മയിൽ നടന്നത്. അവിടെയാണ് ഒടുവിൽ മത്സര ചിത്രം തെളിഞ്ഞിരിക്കുന്നത്.

