ചങ്ങനാശേരി : കെഎസ്ആർടിസി ഡിപ്പോയുടെ കൂറ്റൻ മതിൽ അപകടഭീഷണിയിൽ. ഏത് സമയവും ആളുകൾ കടന്നുപോകുന്ന ഇടവഴിയിലേക്ക് പതിക്കാം.

ജനറൽ ആശുപത്രി റോഡിൽ നിന്നു എംവൈഎംഎ റോഡിലേക്ക് പോകുന്ന ഇടവഴിയിലേക്കാണ് മതിൽ ചെരിഞ്ഞ് നിൽക്കുന്നത്. മതിലിന്റെ ഒരു ഭാഗത്തെ കൽക്കെട്ടുകൾ തകർന്നിരിക്കുകയാണ്.
ചെരിഞ്ഞ മതിൽ കാരണം സമീപത്തെ ഓട്ടോ സ്റ്റാൻഡും കടയും അപകടഭീഷണിയിലാണ്. നൂറുകണക്കിനാളുകളാണ് ഇതുവഴി നടന്നു പോകുന്നത്.

കവലയിലെ കുരുക്കിൽ പെടാതെ പോകാൻ ഇരുചക്രവാഹനങ്ങളും വഴി ഉപയോഗിക്കുന്നു. മതിൽ വീണാൽ സമീപത്തെ വൈദ്യുതി പോസ്റ്റും ഒടിഞ്ഞു വീഴും. വൻദുരന്തമുണ്ടാകുന്നതിനു മുൻപ് നടപടി സ്വീകരിക്കണമെന്ന് ഓട്ടോ ഡ്രൈവർമാർ ആവശ്യപ്പെട്ടു.

