തിരുവന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ സംസ്ഥാന വനിതാ കമ്മീഷനില്‍ പരാതി നല്കി വിവിധ സംഘടനകള്‍. ദിശ, അന്വേഷി, ഡബ്ല്യുസിസി,വിങ്സ്, നിസ, പെണ്‍കൂട്ട് എന്നീ സംഘടനകളാണ് പരാതി നല്‍കിയത്. അടൂര്‍ഗോപാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെയും കേരള നാടക അക്കാദമി വെസ് ചെയര്‍പേഴ്സണും പ്രശസ്ത ഗായികയുമായ പുഷ്പാവതി പൊയ്താഴത്തിനെ ഹീനമായി അധിക്ഷേപിച്ചതിനെതിരെയുമാണ് പരാതി നല്‍കിയതെന്നാണ് സംഘടനകളുടെ പ്രതികരണം.

പട്ടികജാതി വിഭാഗത്തിനും വനിതകള്‍ക്കും സിനിമ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ നല്കുന്ന ധനസഹായം ചൂണ്ടിക്കാണിച്ച് സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന് ഉയര്‍ത്തിയ വിമര്‍ശനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച ഗായിക പുഷ്പവതിയെയും അടൂര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോഴും തിരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.
ദളിത് വിഭാഗങ്ങളെയും സ്ത്രീകളെയും ഉന്നംവെച്ചുള്ളതായിരുന്നു അടൂരിന്റെ പ്രതികരണം. സര്‍ക്കാരിന്റെ ഫണ്ടില്‍ സിനിമ നിര്‍മിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് മൂന്ന് മാസത്തെ ഇന്റന്‍സീവ് ട്രെയിനിങ് കൊടുക്കണമെന്നായിരുന്നു അടൂര്‍ പറഞ്ഞത്. സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗത്തിന് നല്കുന്ന പണം ഒന്നരക്കോടിയാണ്.

അഴിമതിക്കുള്ള വഴിയുണ്ടാക്കുകയാണെന്ന് താന്‍ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. ഉദ്ദേശ്യം വളരെ നല്ലതാണ്. എന്നാല്‍ ഈ തുക മൂന്ന് പേര്‍ക്കായി നല്‍കണം. മൂന്ന് മാസത്തെ പരിശീലനം നല്‍കണം. അവര്‍ക്ക് മൂന്ന് മാസം വിദഗ്ധരുടെ പരിശീലനം നല്‍കണമെന്നും അടൂര്‍ പറഞ്ഞിരുന്നു.

