ന്യൂഡല്‍ഹി: രാജ്യത്ത് ജാതിയുടെ പേരില്‍ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ വന്‍ വര്‍ധനയെന്ന് കണക്കുകള്‍. കേന്ദ്ര സര്‍കാര്‍ രാജ്യസഭയില്‍ അറിയിച്ച കണക്കിലാണ് രാജ്യത്ത് പട്ടിക ജാതി – പട്ടിക വര്‍ഗത്തില്‍പ്പെട്ട ജനവിഭാഗങ്ങള്‍ നേരിടുന്ന അതിക്രമങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

ജാതിയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ അറിയിക്കാന്‍ സാമൂഹിക നീതി മന്ത്രാലയം അവതരിപ്പിച്ച ഹെല്‍പ്പ് ലൈന്‍ സംവിധാനമായ നാഷണല്‍ ഹെല്‍പ്പ് ലൈന്‍ എഗൈന്‍സ്റ്റ് അട്രോസിറ്റീസില്‍ (എന്‍എച്ച് എഎ)ഈ വര്‍ഷം മെയ് 31 വരെ എത്തിയത് 40,316 സഹായ അഭ്യര്‍ത്ഥനകള്‍ എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 634066 പേര് അതിക്രമങ്ങള്‍ക്ക് എതിരെ എന്എച്ച്എഎയുടെ സഹായം തേടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 2024 (105304), 2023 (345402) എന്നിങ്ങനെയാണ് മുന്‍ വര്‍ഷങ്ങളിലെ കണക്കുകള്‍.
ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്നിട്ടുള്ളത് ഉത്തര്‍ പ്രദേശിലാണ്. ഈ വര്‍ഷം ആദ്യ അഞ്ച് മാസത്തിനിടെ മാത്രം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത പരാതികളുടെ എണ്ണം 19,060 ആണെന്നും കണക്കുകള്‍ പറയുന്നു. മുന്‍ വര്‍ഷങ്ങളിലും യുപിയിലെ കണക്കുകള്‍ സമാനമാണ്.

കേരളത്തില്‍ മെയ് 31 വരെ 137 പേരാണ് എന്‍എച്ച് എഎ സൗകര്യം ഉപയോഗിച്ചിട്ടുള്ളത്. 2024 ല്‍ ഇത് 231 മാത്രമാണ്. എന്നാല്‍ 2023 ല്‍ 2454 പേര് നാഷണല്‍ ഹെല്‍പ്പ് ലൈന്‍ എഗൈന്‍സ്റ്റ് അട്രോസിറ്റീസിനെ സമീപിച്ചിട്ടിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാലയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാര്‍ വിവരങ്ങള്‍ പങ്കുവച്ചത്.

