തൃശ്ശൂർ: സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി. കന്യാസ്ത്രീകളും ക്രൈസ്തവ പുരോഹിതന്മാരും മതന്യൂനപക്ഷങ്ങളും വേട്ടയാടപ്പെട്ടുമ്പോൾ സുരേഷ് ഗോപിയുടെ മൗനം വേട്ടക്കാരനൊപ്പമെന്ന പ്രഖ്യാപനമാണെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.

‘തൃശൂർ പാർലമെൻ്റ് അംഗവും കേന്ദ്ര മന്ത്രിയും കൂടിയായ സുരേഷ് ഗോപി കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. അരമനകൾ കയറിയിറങ്ങി മോഹന വാഗ്ദാനങ്ങൾ നൽകി തിരഞ്ഞെടുപ്പിൽ വിജയിച്ച സുരേഷ് ഗോപി ക്രൈസ്തവ പുരോഹിതന്മാരും കന്യാസ്ത്രീകളും മത ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുമ്പോൾ സുരേഷ് ഗോപിയുടെ മൗനം വേട്ടകാരനൊപ്പംഎന്ന പ്രഖ്യാപനമാണ്.
തൻ്റെ സവർണ്ണ സ്നേഹത്തിലാണ് അദ്ദേഹം ഇപ്പോഴും അഭിരമിച്ചുകൊണ്ടിരിക്കുന്ന’തെന്നായിരുന്നു ഡിവൈഎഫ്ഐയുടെ വിമർശനം.
ജില്ലയിലെ വികസന പ്രശ്നങ്ങളിൽ സുരേഷ് ഗോപി ഇടപെടുന്നില്ലെന്നും ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി. തൃശൂരിന് ഒരു എംപിയുടെ സേവനം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഒറ്റക്കൊമ്പനെ കാണാതായ നിലയാണ് മണ്ഡലത്തിലുള്ളത്. ബിജെപിയുടെ വർഗ്ഗീയ നിലപാടുകളുടെ പ്രതീകമായ തൃശൂർ എം.പി മതന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുമ്പോൾ തുടരുന്ന സമീപനത്തിനെതിരെ മതേതര വിശ്വാസികൾ പ്രതികരിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ തൃശ്ശൂർ ജില്ലാ സെക്രട്ടറി വി പി ശരത്ത് പ്രസാദ് പ്രസിഡൻ്റ് ആർ എൽ ശ്രീലാൽ എന്നിവർ പ്രസ്താവനയിലൂടെയാണ് സുരേഷ് ഗോപിക്കെതിരെ വിമർശനം ഉന്നയിച്ചത്.

