കണ്ണൂർ: ജനങ്ങളുടെ സ്വൈര ജീവിതത്തിന് വിഘാതമാകുന്ന ഒരു സംഭവവും നമ്മുടെ നാട്ടിൽ ഉണ്ടാകാൻ പാടില്ലെന്നും നിയമവിരുദ്ധ പ്രവൃത്തികൾക്കെതിരെ നടപടികളെടുക്കുന്ന കാര്യത്തിൽ പൊലീസ് ആരുടെയും അനുവാദത്തിന് കാത്തുനിൽക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.

കേരളാ പൊലീസിന്റെ, കണ്ണൂരിൽ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമാണം പൂർത്തീകരിച്ചതും ആരംഭിക്കുന്നതുമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കണ്ണൂർ ദിനേശ് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ആകെ സ്ഥിതി പരിശോധിച്ചാൽ എല്ലാ അർഥത്തിലും ശാന്തമായ അന്തരീക്ഷം നിലനിൽക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ആ അന്തരീക്ഷം മലിനമാക്കുന്നതിന് ബോധപൂർവമായ ശ്രമങ്ങൾ ചില ഭാഗങ്ങളിൽ നിന്നു ഉണ്ടാകുന്നുണ്ട്. ഇതിന് രാഷ്ട്രീയത്തിന്റെ നിറം മാത്രമല്ല, പലപ്പോഴും മതത്തിന്റെ നിറം കൂടിയുണ്ട്. ഇനിയുള്ള നാളുകളിൽ ഇതിന്റെ തീവ്രത കൂടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അതുകൊണ്ടുതന്നെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്ന ഇരുട്ടിന്റെ ശക്തികൾക്കെതിരെ നിതാന്ത ജാഗ്രത പൊലീസിന്റെ ഭാഗത്തു നിന്നു ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച തൊഴിലിടങ്ങൾ സൃഷ്ടിക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നത്. കഴിഞ്ഞ 9 വർഷക്കാലമായി പൊലീസിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വന്ന മാറ്റങ്ങൾ പരിശോധിച്ചാൽ ആർക്കുമിത് ബോധ്യപ്പെടും. പൊലീസ് സ്റ്റേഷൻ എന്നു കേൾക്കുമ്പോൾ വരുന്ന പഴയ സങ്കൽപ്പം അപ്പാടെ മാറിയിട്ടുണ്ട്. ഇന്ന് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുന്നവർക്ക് ഇരിക്കാൻ കസേരയുണ്ട്, സഹായിക്കാൻ ഹെൽപ്പ് ഡെസ്കുണ്ട്, സ്ത്രീകൾക്കും കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ വിവിധ ആവശ്യങ്ങൾക്കായി പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവർക്കും ഉദ്യോഗസ്ഥർക്കും ഉപയോഗപ്രദമാകുന്ന സൗകര്യങ്ങൾ ഉൾപ്പെടുത്തി രൂപകൽപ്പനചെയ്തിട്ടുള്ളവയാണ് പുതുതായി നിർമിക്കുന്ന എല്ലാ പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

