കുവൈത്ത് സിറ്റി: കുവൈത്ത് വിഷമദ്യ ദുരത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിൽ ഉള്ളതായി സ്ഥിരീകരിച്ച് ഇന്ത്യൻ എംബസി. ഇക്കൂട്ടത്തിൽ മലയാളികളും ഉണ്ടെന്നുള്ള സൂചനയും പുറത്തുവന്നു. ചില മരണങ്ങളും റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ എംബിസി സ്ഥിരീകരിക്കുമ്പോഴും എണ്ണമടക്കമുള്ള കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.

ചിലർ ഗുരുതരാവസ്ഥയിലാണെന്നും മറ്റു ചിലർ സുഖം പ്രാപിച്ച് വരുന്നതായും ഇന്ത്യൻ എംബസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതുവരെയായി 13 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം. ചികിത്സയിലുള്ളവരിൽ കൂടുതൽ പേരും മലയാളികളാണെന്നും സൂചനയുണ്ട്.
മൊത്തം 63 പേരാണ് ചികിത്സയിലുള്ളത്. ഇവരെല്ലാം ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 31 പേർ വെന്റിലേറ്ററിലാണ്. 51 പേർക്ക് അടിയന്തിര ഡയാലിസിസ് പൂർത്തിയാക്കിയതായും അനൗദ്യോഗിക റിപ്പോർട്ടുണ്ട്. ഇതിൽ 21 പേർക്കെങ്കിലും അന്ധതയോ കാഴ്ചക്കുറവോ ബാധിച്ചതായും റിപ്പോർട്ടുണ്ട്. മരിച്ചവരിൽ കൂടുതൽ മലയാളികൾ ഉണ്ടെന്നുള്ളതാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ആന്ധ്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളും മരിച്ച ഇന്ത്യക്കാരിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾക്കായി ഇന്ത്യൻ എംബസി ഒരു ഹെൽപ് ലൈൻ നമ്പർ നൽകിയിട്ടുണ്ട്: +965 65501587 വിവരങ്ങൾ അറിയാൻ ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

