തിരുവനന്തപുരം: കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിർദേശിക്കാൻ സംസ്ഥാന സർക്കാർ. പത്തു പേരടങ്ങിയ പട്ടികയാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. ഈ പട്ടിക സുപ്രീം കോടതിയിലേക്ക് ഇന്ന് സമർപ്പിച്ചേക്കും.
സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള പാനൽ ഗവർണറോടും സർക്കാരിനോടും നിർദേശിക്കാനാണ് കോടതി ഇന്നലെ ആവശ്യപ്പെട്ടിരുന്നത്. ഇന്ന് പട്ടിക സമർപ്പിക്കണം എന്നും കോടതി നിർദേശിച്ചിരുന്നു. എന്നാൽ പാനൽ അംഗങ്ങളെ നിർദേശിക്കുന്നതിന് ഗവർണർ സമയം നീട്ടി ചോദിക്കും എന്നാണ് വിവരം.ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്.
ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച സമർപ്പിക്കാമെന്ന് ഗവർണർ കോടതിയെ അറിയിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട് സെർച്ച് കമ്മറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി ഇന്നലെ നിർദേശിച്ചിരുന്നു. കമ്മിറ്റിയിലെ അംഗങ്ങളെ ഗവർണർക്കും കേരള സർക്കാരിനും നിർദേശിക്കാം എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പേരുകൾ ഇന്നു നൽകണം എന്നാണ് കോടതി പറഞ്ഞിരുന്നത്. എന്നാൽ സമയം നീട്ടി ചോദിക്കാനാണ് ഗവർണറുടെ നീക്കം.താൽകാലിക വിസി നിയമനത്തിൽ ഇന്നലെയാണ് സുപ്രീം കോടതി വാദം കേട്ടത്. ഗവർണർക്കെതിരായി കേരള സർക്കാർ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞത്. നിലവിലെ ഗവർണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സർക്കാരിൻ്റെ വിശദീകരണം.
