തിരുവനന്തപുരം: താരസംഘടനയായ അമ്മയുടെ നേതൃസ്ഥാനത്തേക്കുള്ള സ്ത്രീകളുടെ കടന്നു വരവില്‍ വിജയികളെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. താരസംഘടന നേതൃത്വം കുറിച്ചിരിക്കുന്നു എന്ന് തുടങ്ങുന്ന കുറിപ്പില്‍ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട നാല് സ്ത്രീകളെയും വീണ ജോര്‍ജ് പേരെടുത്ത് പരാമര്‍ശിച്ച് അഭിനന്ദിച്ചിട്ടുണ്ട്.

‘താരസംഘടന ചരിത്രം കുറിച്ചിരിക്കുന്നു . നേതൃസ്ഥാനങ്ങളില്‍ സ്ത്രീകള്‍ എന്നത് പുതിയ കാലത്തിന്റെ തുടക്കമാണ് . പ്രതീക്ഷാ നിര്‍ഭരവും.’ വീണ ജോര്‍ജ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്വേത മേനോന്, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്, ജോയിന്റ് സെക്രട്ടറി അന്‍സിബ ഹസ്സന്, വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ എന്നിവര്‍ക്ക് അഭിനന്ദനങ്ങള്‍.’വിജയികളെ അഭിനന്ദിച്ചുകൊണ്ടാണ് വീണ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
നടി ശ്വേത മേനോൻ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായിട്ടാണ് ‘അമ്മ’യുടെ തലപ്പത്തേക്ക് ഒരു വനിത എത്തുന്നത്. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്. വൈസ് പ്രസിഡന്റ് ആയി ലക്ഷ്മിപ്രിയ തെരഞ്ഞെടുക്കപ്പെട്ടു. ലക്ഷ്മിപ്രിയ, ജയൻ ചേർത്തല, നാസർ ലത്തീഫ് എന്നിവരായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്.

20 വോട്ടിനാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേതയ്ക്ക് 159 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച ദേവന് 132 വോട്ടുകളാണ് ലഭിച്ചത്. ആറ് വോട്ടുകൾ അസാധുവായി മാറി. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് വിജയിച്ച ലക്ഷ്മിപ്രിയയ്ക്ക് 139 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച നാസർ ലത്തീഫിന് 96 വോട്ട് ലഭിച്ചു. ജന: സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു വിജയിച്ച കുക്കു പരമേശ്വരന് 172 വോട്ടുകൾ ലഭിച്ചപ്പോൾ ഒപ്പം മത്സരിച്ച രവീന്ദ്രന് 115 വോട്ട് ലഭിച്ചു.

