മുംബൈ∙ ലയണൽ മെസ്സി കേരളത്തിൽ പന്തു തട്ടിയാലും ഇല്ലെങ്കിലും, പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിൽ കളിക്കാൻ വഴിയൊരുങ്ങുന്നു. എഎഫ്സി ചാംപ്യൻസ് ലീഗ് 2 വിൽ ഇന്ത്യയിൽനിന്ന് എഫ്സി ഗോവയും സൗദി അറേബ്യയിൽനിന്ന് റൊണാൾഡോയുടെ അൽ– നസ്റും ഒരു ഗ്രൂപ്പിൽ വന്നതോടെയാണ് ക്രിസ്റ്റ്യാനോ ഇന്ത്യയിൽ കളിക്കാൻ സാധ്യത തെളിഞ്ഞത്.

ഗോവയ്ക്കും അൽ നസ്റിനും പുറമേ ഇറാഖിന്റെ അൽ സവ്റ, തജിക്കിസ്ഥാനിൽനിന്നുള്ള എഫ്സി ഇസ്തിക്ലോൽ ടീമുകളും ഗ്രൂപ്പ് ഡിയിലുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ഗോവ, കഴിഞ്ഞ മേയിൽ നടന്ന സൂപ്പർ കപ്പും വിജയിച്ചിരുന്നു. പ്ലേ ഓഫിൽ ഒമാൻ ക്ലബ്ബ് അൽ സീബിനെ തോൽപിച്ചാണ് ഗോവ എഎഫ്സി ചാംപ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചത്.
ഹോം, എവേ മത്സരങ്ങളാണ് ചാംപ്യൻസ് ലീഗിലുള്ളത്. ഇനി റൊണാൾഡോ ഇന്ത്യയിലേക്കു വന്നില്ലെങ്കിലും സാദിയോ മാനെ, ജോവ ഫെലിക്സ്, ലപോർട്ടെ തുടങ്ങിയ സൂപ്പർ താരങ്ങളുടെ കളി ഗോവയിൽ കാണാമെന്നാണ് ഇന്ത്യൻ ആരാധകരുടെ പ്രതീക്ഷ.

സൗദി അറേബ്യയിൽ നടക്കുന്ന എവേ മത്സരത്തിലും ഗോവ അൽ നസ്റിനെ നേരിടേണ്ടിവരും.

